സ്വന്തം ലേഖകൻ: യു കെയിലേക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിക്കുകയാണ്. നിയമാനുസൃതമായ കുടിയേറ്റത്തില്‍ നിയന്ത്രണം വരുത്തി നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്സര്‍ക്കാര്‍, ബ്രിട്ടനിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടു വരുന്നതിനുള്ള മിനിമം വേതനത്തിന്റെ പരിധി ഉയര്‍ത്തിയത്. അതിനു പുറമെ സ്കില്‍ഡ് വര്‍ക്കര്‍ വീസ ലഭിക്കണമെങ്കില്‍ ആവശ്യമായ മിനിമം ശമ്പളവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സ്കില്‍ഡ് വര്‍ക്കര്‍ വീസ ലഭിക്കണമെങ്കില്‍ മിനിമം ശമ്പളം 26,200 പൗണ്ട് വേണം എന്നുള്ളത് 38,700 പൗണ്ട് ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. വരുന്ന ഏപ്രില്‍ 4 മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. അതുപോലെ വിദേശ തൊഴിലാളികള്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള മിനിമം വേതനത്തിലെ വര്‍ദ്ധനവ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും.
ഏപ്രില്‍ 11 മുതല്‍, വിദേശ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ കുടുംബസമേതം താമസിക്കണമെങ്കില്‍ ചുരുങ്ങിയത് 29,000 പൗണ്ട് ശമ്പളം വേണ്ടി വരും. നേരത്തെ ഇത് 18,600 പൗണ്ട് മാത്രമായിരുന്നു. ഫാമിലി വീസക്കുക്കുള്ള മിനിമം ശമ്പളം പിന്നെയും വര്‍ദ്ധിക്കും എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. 29,000 പൗണ്ടില്‍ നിന്നും അത് 34,500 പൗണ്ട് ആയും പിന്നീട് 2025 ആകുമ്പോഴേക്കും ഇത് 38,700 പൗണ്ട് ആയും വര്‍ദ്ധിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഈ രണ്ടു വര്‍ദ്ധനവുകള്‍ എന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്നതിന് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ഈ മാറ്റങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. ചേഞ്ച് ഡോട്ട് ഓര്‍ഗിലെ ഒരു പരാതിയില്‍ ഇതുവരെ 92,500 ആളുകള്‍ ഒപ്പിട്ടു കഴിഞ്ഞു. അതുപോലെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വന്ന, സര്‍ക്കാരിന്റെ പുതിയ വീസ നയം തികച്ചും മനുഷ്യത്വ രഹിതമായ ഒന്നാണെന്ന് വിശേഷിപ്പിക്കുന്ന പരാതിയില്‍ ഇതുവരെ 48,000 ല്‍ അധികം ആളുകള്‍ ഒപ്പിട്ടു കഴിഞ്ഞു. പ്രസ്തുത പരാതിയില്‍ 1 ലക്ഷം ഒപ്പുകള്‍ ലഭിച്ചാല്‍ അത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനായി പരിഗണിക്കും.
കുടുംബത്തെ കൂടെ കൊണ്ടുവരാന്‍ നേരത്തെ ആവശ്യമായതിന്റെ ഇരട്ടിയോളമാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത് എന്ന് ഈ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. യു കെയിലെ ബഹുഭൂരിപക്ഷം ആളുകളും പ്രതിവര്‍ഷം അത്രയും വരുമാനം നേടുന്നില്ല. അതായത്, മറ്റൊരു രാജ്യത്തെ പൗരന്മാരുമായി പ്രണയത്തിലായ്വരെ ശിക്ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പുതിയ നിയമം എന്ന് അതില്‍ പറയുന്നു.
വലിയൊരു വിഭാഗം ആളുകള്‍ക്ക്, ഇനിയുള്ള ജീവിതം പങ്കാളിക്കൊപ്പമല്ലാതെ ജീവിച്ചു തീര്‍ക്കാന്‍ ഈ നിയമം നിര്‍ബന്ധിത സാഹചര്യം ഒരുക്കുമെന്നും അതില്‍ ആരോപിക്കുന്നു. അതല്ലെങ്കില്‍, ജനിച്ചുവീണ രാജ്യം വിട്ട് മറ്റൊരിടത്ത് അഭയം തേടേണ്ടതായി വരും. വരുമാനം കുറവാണ് എന്നൊരു കുറ്റം മാത്രമാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്നും പരാതിയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററി, യു കെയിലെ തൊഴിലാളികളില്‍ പകുതിയോളം പേര്‍ക്ക് പുതിയ നയമനുസരിച്ച് കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടു വരാന്‍ ആകില്ലെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 29,000 പൗണ്ടിനേക്കാള്‍ കുറവാണ് അവരുടെ വാര്‍ഷിക വരുമാനം. അതേസമയം, കുടിയേറ്റ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുവാന്‍ പുതിയ നിയമത്തിന്കഴിയും എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല