വായ്പാ മല ഇടിച്ചുനിരത്താന്‍ വ്യാപകമായ സാമ്പത്തിക പരിഷ്കാരങ്ങളുമായി ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി മരിയോ മോണ്ടി. വന്‍ വളര്‍ച്ചയാണു ലക്ഷ്യമെന്ന് അദ്ദേഹം. യൂറോസോണിലെ ദുര്‍ബല രാഷ്ട്രം എന്ന ദുഷ്പേര് ഒഴിവാക്കുമെന്നും മോണ്ടിയുടെ പ്രഖ്യാപനം.
കടക്കെണിയില്‍ നിന്നു പുറത്തുകടക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിക്കസേരയില്‍ അവരോധിക്കപ്പെട്ട മോണ്ടി കഴിഞ്ഞദിവസം സെനറ്റില്‍ വിശ്വാസവോട്ട് നേടിയിരുന്നു. 25നെതിരേ 281 വോട്ടിനാണു മോണ്ടി സര്‍ക്കാര്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭ സെനറ്റിന്‍റെ വിശ്വാസം ആര്‍ജിച്ചത്. അധോസഭ ചേംബര്‍ ഒഫ് ഡെപ്യൂട്ടീസില്‍ വിശ്വാസ വോട്ടു തേടാനിരിക്കെയാണു പരിഷ്കാര പ്രഖ്യാപനം. അധോസഭയിലും അനായാസം ജയിക്കും സര്‍ക്കാര്‍ എന്നാണു നിഗമനം.
ചില മേഖലകളില്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കും. ചില സെക്റ്ററുകള്‍ക്കു ലഭിക്കുന്ന അന്യായമായ ആനുകൂല്യങ്ങള്‍ ഒഴിവാക്കും. യുവാക്കളിലും കാര്യശേഷിയുള്ളവരിലും മുതല്‍മുടക്കും. യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്നതു പോലെ പെന്‍ഷന്‍, തൊഴില്‍ വിപണികള്‍ ഉടച്ചുവാര്‍ക്കും. എന്നാല്‍, ഇതില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മോണ്ടി. പുറം സമ്മര്‍ദത്തിനു വഴങ്ങി ജനങ്ങളെ വലയ്ക്കില്ല. അടുത്ത ആഴ്ചകളില്‍ ഇറ്റലി എന്തുചെയ്യുന്നു എന്നതിനനുസരിച്ചാവും യൂറോസോണിന്‍റെ ഭാവി, യൂറോയുടെയും- മോണ്ടി പറഞ്ഞു.
യൂറോസോണിന്‍റെ സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയും സംബന്ധിച്ച് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ജല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്‍റ് നിക്കൊളാസ് സര്‍ക്കോസി എന്നിവരുമായി ഫോണില്‍ സംസാരിച്ചെന്ന് മോണ്ടി സമ്മതിച്ചു. എന്നാല്‍, അതിനര്‍ഥം പുറം സമ്മര്‍ദത്തിനു വഴങ്ങിയാണു പ്രവര്‍ത്തനം എന്നല്ല. വിപണി വിശ്വാസം തിരിച്ചുകൊണ്ടുവരും. ഇറ്റലിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടും- അദ്ദേഹം പറഞ്ഞു.
മോണ്ടിയുടെ പ്രസംഗത്തിനു മുന്‍പ് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഇറ്റാലിയന്‍ നഗരങ്ങളിലിറങ്ങി. മിലാനില്‍ അവര്‍ പൊലീസുമായി ഏറ്റുമുട്ടി. മോണ്ടിയുടെ ടെക്നോക്രാറ്റിക് ഗവണ്‍മെന്‍റ് ബാങ്കര്‍മാര്‍ക്കും വരേണ്യര്‍ക്കും വേണ്ടിയാവും പ്രവര്‍ത്തിക്കുകയെന്നാണ് അവരുടെ ആശങ്ക.
ഇതിനിടെ, ഇറ്റലിയിലേതു പോലെ കടക്കെണി മറികടക്കാന്‍ തെരഞ്ഞെടുപ്പില്ലാതെ അധികാരത്തിലെത്തിയ പുതിയ പ്രധാനമന്ത്രി ലൂക്കാസ് പപ്പാഡെമോസും ജനകീയ പ്രതിഷേധം നേരിടുകയാണ്. ഗ്രീസ് പാപ്പരാവുന്നതു തടയാന്‍ ചെലവു ചുരുക്കലും നികുതി വര്‍ധനയും ആവശ്യമായി വരുമെന്നതാണു ജനരോഷത്തിനു കാരണം. ഏതന്‍സില്‍ നടന്ന പ്രതിഷേധ റാലിയില്‍ അമ്പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു. പുതിയ നാഷണല്‍ യൂനിറ്റി സര്‍ക്കാര്‍ നേരിടുന്ന ആദ്യ പൊതു പരീക്ഷണം. കറുത്ത വസ്ത്രവും ചുവന്ന കൊടിയും വാദ്യമേളവുമായി തെരുവിലിറങ്ങിയ യുവാക്കള്‍ യൂറോപ്യന്‍ യൂണിയനും ഐഎംഎഫിനുമെതിരേ മുദ്രാവാക്യം മുഴക്കി.
സ്പെയ്നില്‍ പത്തുവര്‍ഷത്തെ കാലാവധിയുള്ള ഗവണ്‍മെന്‍റ് ബോണ്ടുകളുടെ പലിശ ബാധ്യത വന്‍തോതില്‍ കുതിച്ചുയര്‍ന്നതു യൂറോപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 1997നു ശേഷമുള്ള ഏറ്റവും വലിയ ബാധ്യതയാണ് സര്‍ക്കാര്‍ ബോണ്ടില്‍ സ്പെയ്ന്. ഗ്രീസും ഇറ്റലിയും സ്പെയ്നും അയര്‍ലന്‍ഡും ഫ്രാന്‍സും സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നു കരകയറുമെന്ന വിശ്വാസം ഇപ്പോഴുമില്ല ഓഹരി വിപണിക്ക്. ഇതിന്‍റെ പ്രതിഫലനമായിരുന്നു വിപണിയില്‍ ഇന്നലെ. പലിശച്ചെലവ് കുതിച്ചുയരുന്നത് ഫ്രാന്‍സിനെ ആശങ്കപ്പെടുത്തുന്നുണ്ട്. യൂറോയുടെ മൂല്യം താഴോട്ട്. യൂറോപ്പിനു ഫണ്ട് എളുപ്പമല്ലെന്ന സൂചനകള്‍ ഡോളര്‍ മൂല്യം വര്‍ധിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല