സ്വന്തം ലേഖകൻ: മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രസർക്കാർ ഇന്നു ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ഡോ.ജിതേന്ദർ സിങ്ങാണ് ബിൽ അവതരിപ്പിക്കുക. റെയില്‍വേ, നീറ്റ്, ജെഇഇ, സിയുഇടി തുടങ്ങിയ വിവിധ പരീക്ഷകളിലെ ക്രമക്കേട് തടയുകയാണ് ബില്ലിന്‍റെ പ്രധാന ലക്ഷ്യം. ചോദ്യപേപ്പര്‍ ചോര്‍ത്തൽ അടക്കം 20 കുറ്റങ്ങളാണു ബില്ലിലുള്ളത്. ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ കുറഞ്ഞത് മൂന്നു മുതൽ അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക.
മൂന്നു മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും നൽകേണ്ടി വരും. ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് തെളിഞ്ഞാൽ അഞ്ചു മുതൽ പത്തുവര്‍ഷം വരെയാണ് ശിക്ഷ. ഒരു കോടി രൂപവരെ പിഴ വിധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഏതെങ്കിലും സ്ഥാപനമാണു ക്രമക്കേട് നടത്തുന്നതെങ്കിൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടും.
ക്രമക്കേട് സംബന്ധിച്ചു പരാതി ഉയർന്നാൽ ഡിവൈഎസ്പി അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് എന്നീ റാങ്കിലുള്ള ഉദ്യോഗസ്ഥരാകും അന്വേഷിക്കുക. കൂടാതെ, അന്വേഷണം മറ്റ് ഏജൻസികൾക്കു നൽകാനുള്ള അധികാരവും കേന്ദ്രത്തിനുണ്ടായിരിക്കും. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ, ബാങ്കിങ് റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ, നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന എല്ലാ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ എന്നിവയും ബില്ലിന്റെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പൊതുപരീക്ഷകൾ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല