സ്വന്തം ലേഖകൻ: ദുബായില്‍നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലെ യാത്രികരെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ എത്തിക്കേണ്ടതിന് പകരം എത്തിച്ചത് ആഭ്യന്തര ടെര്‍മിനലില്‍. വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരം ‘അബദ്ധം’ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിസ്താര അറിയിച്ചു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് മനഃപൂര്‍വമല്ലാത്ത അശ്രദ്ധയാണെന്നും അതുമൂലം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വിസ്താര അറിയിച്ചു.
വിമാനത്താവളത്തിലുണ്ടായ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെ തുടര്‍ന്നാണ് സംഭവം ശ്രദ്ധനേടിയത്. ഫെബ്രുവരി നാലിന് UK 202 വിമാനത്തിലെത്തിയ യാത്രക്കാര്‍ക്കാണ് ഇത്തരമൊരനുഭവമുണ്ടായത്. ഇമിഗ്രേഷന്‍ നടപടികളോ കസ്റ്റംസ് പരിശോധനയോ നടത്താതെ യാത്രക്കാരെ ആഭ്യന്തര ടെര്‍മിനല്‍ കടക്കാനനുവദിക്കുകയും ലഗേജ് ബെല്റ്റിലേക്കെത്തിക്കുകയും ചെയ്തു.
വിമാനത്താവളത്തിലെ സുരക്ഷാഏജന്‍സികളും അനുബന്ധ അധികൃതരുമായി സഹകരിച്ച് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ പ്രശ്നം പരിഹരിച്ചതായി വിസ്താര വ്യക്തമാക്കി. ആഭ്യന്തര ടെര്മിനലിലെത്തിച്ചേര്ന്ന യാത്രികര്‍ക്ക് അന്താരാഷ്ട്ര ആഗമന നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും വിമാനക്കമ്പനി അറിയിച്ചു.
സംഭവം സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി( BCAS) ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ഭാവിയില്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ സംഭവിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിസ്താര ഉറപ്പുനല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല