സ്വന്തം ലേഖകൻ: യാത്രക്കാർ മറന്നുവെച്ച ലഗേജുകളിൽ ഒരു വർഷം പിന്നിട്ടവ ചെറിയ വിലക്ക് സ്വന്തമാക്കാൻ അവസരമെന്ന് പരസ്യപ്പെടുത്തി തട്ടിപ്പ്. ദുബൈ വിമാനത്താവളത്തിന്റെ പേരിൽ വ്യാജ സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പുകാർ കെണിവിരിക്കുന്നത്. എട്ടു ദിർഹമിന് ഒരു ലഗേജ് സ്വന്തമാക്കാമെന്നാണ് തട്ടിപ്പ് പരസ്യത്തിൽ പറയുന്നത്. താൽപര്യമുള്ളവർ പോസ്റ്റിനൊപ്പം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ലഗേജുകൾ ഒരുമിച്ചു കൂട്ടിവെച്ച ഒരു ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. എയർപോർട്ട് വെയർഹൗസ് കാലിയാക്കുന്നതിന്റെ ഭാഗമായാണ് വിൽപനയെന്നാണ് പരസ്യത്തിൽ പറയുന്നത്.
തട്ടിപ്പ് ശ്രദ്ധയിൽപെട്ട ദുബൈ വിമാനത്താവള അധികൃതർ ഇക്കാര്യത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വ്യാജ ലഗേജ് വിൽപന പരസ്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വ്യാജ പ്രൊഫൈലുകളിൽ നിന്നു വരുന്ന സന്ദേശങ്ങൾ സ്വീകരിക്കരുതെന്നും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി അറിയിച്ചു.
ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിൽ കഴിഞ്ഞ മാസം 16നാണ് അവസാന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഓൺലൈൻ വഴി മാത്രമാണ് നഷ്ടപ്പെട്ട ലഗേജുകൾ വിൽക്കുന്നതെന്നാണ് ഇതിൽ പറയുന്നത്. നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ വിവരങ്ങൾ കൈക്കലാക്കുകയും പണം തട്ടുകയുമാണ് പോസ്റ്റിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
നേരത്തേ ക്വാലാലംപുർ വിമാനത്താവളത്തിന്റെ പേരിലും സമാനമായ തട്ടിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മൊറോക്കോയിലെ കാസബ്ലാങ്കയിൽ നിന്നാണ് ഈ അക്കൗണ്ട് പ്രവർത്തിപ്പിച്ചിരുന്നത്. തുടർന്ന് ക്വാലാലംപുർ വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകുകയായിരുന്നു. ദുബൈ വിമാനത്താവളം വഴി ലക്ഷക്കണക്കിന് ലഗേജുകൾ ഓരോ മാസവും കടന്നുപോകുന്നുണ്ടെങ്കിലും നഷ്ടപ്പെടുന്നത് വളരെ വിരളമാണ്. ബാഗേജ് കൈകാര്യംചെയ്യുന്നതിൽ ദുബൈയിലെ എമിറേറ്റ്സ് വിമാനക്കമ്പനി 99.9 ശതമാനം വിജയകരമായാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ദുബൈ എയർപോർട്ടിൽ ലഗേജ് നഷ്ടപ്പെട്ടാൽ, അവ വീണ്ടെടുക്കാൻ നിരവധി മാർഗങ്ങളുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 042245383 എന്ന നമ്പറിൽ വിളിച്ചും അല്ലെങ്കിൽ പൊതു നമ്പറായ 042245555 എന്ന നമ്പറിൽ വിളിച്ചും നഷ്ടപ്പെട്ട കാര്യം അറിയിക്കാം. ദുബൈ വിമാനത്താവളത്തിലെ 1, 3 ടെർമിനലുകളിൽ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസും പ്രവർത്തിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല