സ്വന്തം ലേഖകൻ: സൗത്ത് ലണ്ടനില്‍ യുവതിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും നേരേയുണ്ടായ കെമിക്കല്‍ ആക്രമണത്തില്‍ അഞ്ചാം ദിവസവും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതിയുടെ യാത്രകള്‍ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ ദൃശ്യമായിട്ടും ഇനിയും പ്രതിയെ പിടികൂടാനാകാത്തത് മെട്രോപൊളിറ്റന്‍ പൊലീസിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. പ്രതിയെ പിടികൂടാന്‍ കഴിയുന്ന തരത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് സമീപവാസികളെയും പൊലീസിനെയും ഞെട്ടിച്ച് മൂന്നും എട്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ക്കും31 വയസ്സുള്ള അമ്മയ്ക്കും നേരേ ഒരാള്‍ രാസവസ്തുക്കള്‍കൊണ്ട് ആക്രമണം നടത്തിയത്. ശരീരത്തിന് ഗുരുതരമായ പൊള്ളലേല്‍ക്കുന്ന രാസവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അക്രമി ന്യൂകാസില്‍ നിന്നെത്തിയ അബ്ദുള്‍ ഷുക്കൂര്‍ ഇസീദിയാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ആക്രമണത്തില്‍ പരുക്കേറ്റ യുവതിയും കുട്ടികളും ഇപ്പോഴും ആശുപത്രിയിലാണ്. യുവതിയുടെ നില ഗുരുതരമാണ്. കുട്ടികള്‍ അപകടാവസ്ഥ തരണം ചെയ്തു എന്നാണ് മെട്രോപൊളിറ്റന്‍ പൊലീസ് കമാന്‍ഡര്‍ ജോണ്‍ സാവെല്‍ വ്യക്തമാക്കിയത്. ആക്രമണം നടത്തിയ പ്രതി ബുധനാഴ്ച രാത്രി ഒമ്പതു മണിക്ക് ലണ്ടന്‍ കിങ് ക്രോസ് സ്റ്റേഷനില്‍ നിന്നും വിക്ടോറിയ ലൈനില്‍ കയറിയതായാണ് ഒടുവില്‍ ലഭിച്ചിട്ടുള്ള വിവരം. ഇയാളുടെ മുഖത്തിന്റെ വലതുഭാഗത്തും പൊള്ളലേറ്റതായി ചിത്രത്തില്‍ കാണാം.
ബുധനാഴ്ച്ച വൈകുന്നേരം തെക്കന്‍ ലണ്ടനിലെ കാല്ഫാമിലുള്ള ലെസ്സാര്‍ അവന്യൂവില്‍ നടന്ന ആക്രമണത്തില്‍ മൊത്തം 12 പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. അമ്മയേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന് തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഈ അമ്മയുടെ പരിചയക്കാരനായിരുന്നു 35 കാരനായ എസെദി എന്നാണ് വിശ്വസിക്കുന്നത്.
2016ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരു ലോറിയില്‍ ബ്രിട്ടനിലെത്തിയ പ്രതി 2018ലെ ലൈംഗികാതിക്രമ കേസില്‍ പ്രതിയാണ്. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ ലണ്ടനിലെത്തി ഇത്തരമൊരു അക്രമം നടത്താനുള്ള കാരണം വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല