സ്വന്തം ലേഖകൻ: കുവൈത്ത് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാള സംവിധാനം എല്ലാ പ്രവേശന കവാടങ്ങളിലേക്കും വ്യാപിപ്പിച്ചു. സ്വദേശി, വിദേശി യാത്രക്കാരെല്ലാം കുവൈത്തിലേക്കു വരുമ്പോൾ വിരലയാളം രേഖപ്പെടുത്തണം. ഇതുവരെ വിരലടയാളം രേഖപ്പെടുത്താത്തവർക്ക് ഷോപ്പിങ് മാളുകളിലെ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനാകുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
ജനുവരിയിൽ മാത്രം എയർപോർട്ടിൽ 26,238 പേർ ബയോമെട്രിക് രേഖപ്പെടുത്തിയിരുന്നു. ഹവല്ലി, ഫർവാനിയ, അഹ്മദി, മുബാറക് അൽ കബീർ, അൽജഹ്റ (സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും) എന്നീ ഗവർണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലും പഴ്സനൽ ഇൻവെസ്റ്റിഗേറ്റിങ് ഡിപ്പാർട്ട്മെന്റ്, അലിസബാഹ് അൽ സാലിം വിരലടയാള കേന്ദ്രം, അൽജഹ്റയിലെ പഴ്സനൽ ഐഡന്റിഫിക്കേഷൻ ഫിങ്കർ പ്രിന്റിങ് കമ്പനി (വിദേശികൾക്കു മാത്രം), ദ് അവന്യൂ മാൾ, 360 മാൾ, അൽഖൂത് മാൾ, ദ് കാപിറ്റൽ മാൾ, ദ് മിനിസ്ട്രീസ് കോംപ്ലസക്സ് എന്നിവിടങ്ങളിലും വിരലടയാളം രേഖപ്പെടുത്താൻ സൗകര്യമുണ്ട്.
അതിനിടെ രാജ്യത്ത് എല്ലാതരം വിസകളും പുനരാരംഭിക്കുന്നു. പുതിയ വ്യവസ്ഥകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദർശനങ്ങൾക്കുള്ള പ്രവേശന വിസകൾ പുനരാരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി എഴു മുതൽ വിവിധ റസിഡൻസ് അഫയേഴ്സ് ഡിപ്പാർട്മെന്റുകൾ ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. മെറ്റ പ്ലാറ്റ്ഫോം വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് സന്ദർശന വിസക്ക് അഭ്യർഥിക്കാം.
ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശാടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനും സാമൂഹിക വശങ്ങൾ കണക്കിലെടുത്തുമാണ് തീരുമാനം. രാജ്യത്ത് ദീർഘകാലമായി നിർത്തിവെച്ച കുടുംബ സന്ദർശന വിസയും ടൂറിസ്റ്റ് വിസയും പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് ഗുണകരമാകും. കഴിഞ്ഞ ആഴ്ച കുടുംബവിസയും പുനരാരംഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല