സ്വന്തം ലേഖകൻ: ഇന്ത്യാനയിലെ പർഡ്യൂ യൂനിവേഴ്സിറ്റിയിൽ രണ്ടു വർഷത്തിനിടെ രണ്ട് ഇന്ത്യൻ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. വരുൺ മനീഷ് ഛേദ, നീൽ ആചാര്യ എന്നീ വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഇതോടെ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥികൾ വലിയ ആശങ്കയിലാണ്. തങ്ങളുടെ സുരക്ഷ ചോദ്യ ചിഹ്നമാണെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ദിവസങ്ങൾക്ക് മുമ്പ് കാണാതായ നീലിനെ പിന്നീട് പർഡ്യൂ യൂനിവേഴ്സിറ്റി കാംപസിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജനുവരി 29ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തെങ്കിലും പരിക്കേറ്റതിന്റെ അടയാളങ്ങളൊന്നും ശരീരത്തിൽ കണ്ടെത്തിയില്ല. മരണകാരണം കണ്ടെത്താൻ അന്വേഷണം നടത്തുകയാണ്.
2022ലാണ് ഇതേ യൂനിവേഴ്സിറ്റിൽ പഠിക്കുന്ന വരുൺ മനീഷ് ഛേദ കൊല്ലപ്പെട്ടത്. കൊറിയൻ വിദ്യാർഥി ജി മിൻ ജിമ്മി ഷായുടെ മർദനമേറ്റാണ് വരുൺ കൊല്ലപ്പെട്ടത്. യൂനിവേഴ്സിറ്റിയിലെ ഡാറ്റ സയൻസ് വിദ്യാർഥിയായിരുന്ന ഛേദയുടെ സീനിയർ ആയിരുന്നു ജിമ്മി. ഛേദയുടെ മൃതദേഹത്തിൽ പരിക്കേറ്റ നിരവധി അടയാളങ്ങളുമുണ്ടായിരുന്നു.
കാംപസിലെ ഇത്തരം മരണങ്ങൾ മനസിനെ ആഴത്തിൽ മുറിവേൽപിക്കുന്നതാണെന്ന് വിദ്യാർഥികൾ പറയുന്നു. ആചാര്യ കൂടി മരണപ്പെട്ടതോടെ കാംപസിലെ സുരക്ഷ എത്രത്തോളമുണ്ടെന്ന് സംശയം ബലപ്പെട്ടിരിക്കുകയാണ്. വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കാൻ അധികൃതരുടെ ഭാഗത്ത്നിന്ന് കർശന നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അതേസമയം, യുഎസിൽ ഇന്ത്യൻ വിദ്യാർഥികളെ മാത്രമാണ് ആക്രമിക്കുന്നത് എന്നതിന് ഇതുകൊണ്ട് അർഥമാക്കുന്നില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല