1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2024

സ്വന്തം ലേഖകൻ: സംസ്ഥാനത്തിന് അര്‍ഹമായ ധനവിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ണാടകയുടെ സമരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മന്ത്രിമാരും കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും എം.എല്‍.സിമാരും ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്രത്തിന് ചിറ്റമ്മ നയമാണെന്ന് സമരക്കാര്‍ ആരോപിച്ചു.

നികുതി പിരിക്കുന്നതില്‍ കര്‍ണാടക രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും എന്നാല്‍ കേന്ദ്രത്തിന് നല്‍കുന്ന നികുതിയില്‍ ചെറിയ ശതമാനം മാത്രമാണ് തിരികെ സംസ്ഥാനത്തിന് കിട്ടുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള ഈ അനീതിക്കെതിരെയാണ് തങ്ങള്‍ പോരാട്ടം നടത്തുന്നത്.

കര്‍ണാടക മാത്രമല്ല എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇത്തരത്തില്‍ വിവേചനം നേരിടുന്നു. കര്‍ണാടക നികുതി പിരിച്ച് 100 രൂപ കേന്ദ്രത്തിന് നല്‍കിയാല്‍ 12-13 രൂപ മാത്രമേ തിരിച്ചുകിട്ടുന്നുള്ളൂ. കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന രാജ്യസഭാംഗമായ നിര്‍മല സീതാരാമനാണ് കേന്ദ്ര ധന മന്ത്രി. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അവര്‍ പരിഗണിക്കുന്നില്ല. കര്‍ണാടക ജനതയ്‌ക്കെതിരാണ് ബി.ജെ.പിയുടെ സമീപനമെന്നും ആരോപിച്ചു.

ധനകാര്യ കമ്മിഷന്റെ തീരുമാനമാണെന്ന് വാദമുയര്‍ത്തി പണം നല്‍കാതിരിക്കുന്നതിനെ ന്യായീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ണാടകത്തെ പ്രതിനിധീകരിക്കുന്ന നിര്‍മലാ സീതാരാമന്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആവശ്യപ്പെട്ടു.

കര്‍ണാടകത്തില്‍നിന്നു വന്ന ജനപ്രതിനിധികള്‍ക്കായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ ഉച്ചയ്ക്ക് വിരുന്നൊരുക്കിയിരുന്നു. ചരിത്ര സമരമെന്ന വിശേഷണത്തോടെ, എല്ലാവരും ചേര്‍ന്നു ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് കര്‍ണാടക സംഘം ജന്തര്‍മന്തറില്‍നിന്ന് മടങ്ങിയത്. കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരള മന്ത്രിസഭയുടെ ഡല്‍ഹി സമരം വ്യാഴാഴ്ചയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മന്ത്രിമാരും എം.എല്‍.എമാരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കേരളത്തിന്റെ സമരത്തിന് തമിഴ്‌നാടും പിന്തുണയറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.