സ്വന്തം ലേഖകൻ: സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവാത്ത കാലത്തോളം ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ എക്സ് അക്കൗണ്ടിലൂടെയാണ് രാഷ്ട്രം നിലപാട് പ്രഖ്യാപിച്ചത്.
1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം ഉള്‍പ്പെടുത്തി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കപ്പെടുകയും ഗാസ മുനമ്പിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉണ്ടാവില്ലെന്ന് ഇന്ന് ഇന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
സൗദിയും ഇസ്രയേലും നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമായെന്നും വൈകാതെ ധാരണയുണ്ടാവുമെന്നും നിരന്തര വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് ഇസ്രയേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഹമാസ് ഇസ്രയേലില്‍ അപ്രതീക്ഷിത ആക്രമണം നടത്തുകയും നിരവധി ഇസ്രയേല്‍ പൗരന്‍മാരെ ബന്ദിയാക്കുകയും ചെയ്തതോടെയാണ് തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. സ്വതന്ത്ര പലസ്തീന്‍ സ്ഥാപിതമാവും വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്നായിരുന്നു സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാട്.
ഇസ്രയേല്‍ സര്‍ക്കാരിലെ നിരവധി ഉന്നതര്‍ സമീപകാലത്ത് സൗദിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുന്‍ നിലപാടില്‍ നിന്ന് സൗദി പിന്നോട്ട് പോയെന്ന വിമര്‍ശനം ഉയരുകയുമുണ്ടായി. ഇരു രാഷ്ട്രങ്ങളിലെയും നേതാക്കളുടെ പ്രസ്താവനകളും സൗദി-ഇസ്രയേല്‍ ബന്ധത്തിനായി ശക്തമായ മധ്യസ്ഥ നീക്കം നടത്തിവന്ന അമേരിക്കയുടെ പ്രസ്താവനകളും ഇതിന് ആക്കംകൂട്ടുകയും ചെയ്തിരുന്നു.
യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രസ്താവനയുടെയും അറബ്-ഇസ്രയേല്‍ ബന്ധം മെച്ചപ്പെടുത്താനുള്ള സമാധാന പ്രക്രിയയുടെയും പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രസ്താവന പുറപ്പെടുവിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പലസ്തീന്‍ വിഷയത്തിലും സഹോദരങ്ങളായ പലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ നേടിയെടുക്കേണ്ട ആവശ്യകതയിലും സൗദി അറേബ്യ എല്ലായ്‌പ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും വിശദീകരിച്ചു.
സൗദിയും ഇസ്രയേലും സാധാരണനിലയിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്ന യുഎസ് ദേശീയ സുരക്ഷാ വക്താവിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുമായെന്ന് സൗദി കരുതുന്നു. പ്രസ്താവന ഈ ഘട്ടത്തില്‍ ദോഷം ചെയ്യുമെന്നും സൗദി വിലയിരുത്തുന്നു.
ജോണ്‍ കിര്‍ബിയുടെ അഭിപ്രായങ്ങളുടെ കൂടി വെളിച്ചത്തില്‍ പലസ്തീന്‍ വിഷയത്തില്‍ അമേരിക്കയോട് സൗദിയുടെ ഉറച്ച നിലപാട് വ്യക്തമാക്കുന്നതിനാണ് പ്രസ്താവന ഇറക്കിയതെന്നും മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തി പ്രകാരം പലസ്തീന്‍ രാഷ്ട്രത്തിന് എത്രയും വേഗം അംഗീകാരം നല്‍കണമെന്ന് പലസ്തീന്‍ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് രാജ്യം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുകയാണെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ഇതിലൂടെ മാത്രമേ പലസ്തീന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടുകയുള്ളൂ. അതുവഴി എല്ലാവര്‍ക്കും നീതിയും സമാധാനം കൈവരിക്കാന്‍ കഴിയുമെന്നും പ്രസ്താവിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല