സ്വന്തം ലേഖകൻ: യുകെയിൽ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ജനന നിരക്ക് കുറയുകയും ചെയ്യുന്ന ഗുരുതര സ്ഥിതിവിശേഷം പരിഗണിച്ചു പെന്ഷന് പ്രായവും ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാവുന്നു. നിലവിലെ 66 വയസ് എന്നത് 2026മേയ് മാസത്തിനും 2028 മാര്‍ച്ചിനും ഇടയിലായി 67 ആയി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. ഇത് 2044 ആകുമ്പോഴേക്കും 68 ആയി ഉയരുകയും ചെയ്യും.
എന്നാല്‍, അടുത്തിടെ നടത്തിയ ചില പഠനങ്ങളില്‍ തെളിഞ്ഞത് ഈ മന്ദഗതിയിലുള്ള വര്‍ദ്ധനവ് മതിയാകില്ല ബ്രിട്ടന്റെ പ്രതിസന്ധി പരിഹരിക്കാന്‍ എന്നാണ്’. 1970 ഏപ്രിലിനു ശേഷം ജനിച്ച എല്ലാവരും പെന്ഷന് അര്‍ഹത ലഭിക്കുവാന്‍ 71 വയസ് വരെ തൊഴില്‍ ചെയ്തേ മതിയാകൂ എന്നാണ് ഗവേഷകര്‍ പറയുന്നത്. സ്റ്റേറ്റ് പെന്ഷന് പ്രായം എത്തുന്നതിനു മുന്‍പ് തന്നെ ജോലിയില്‍ നിന്നും വിരമിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, 71 എന്ന പ്രായ പരിധി ഒരുപക്ഷെ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടതായി വരുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്റര്‍നാഷണല്‍ ലോംഗെവിറ്റി സെന്ററിലെ ഗ്ലോബല്‍ റിസര്‍ച്ച് അസ്സോസിയേറ്റ് ഹെഡ് ആയ ലെസ് മേഹ്യു ആണ് സ്റ്റേറ്റ് പെന്ഷന് ഏജ് ആന്‍ഡ് ഡെമോഗ്രാഫിക് ചേഞ്ച് എന്ന പേരിലുള്ള ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ നിലവിലെ 66 എന്ന സ്റ്റേറ്റ് പെന്ഷന് പ്രായം 70 അല്ലെങ്കില്‍ 71 ആക്കി ഉയര്‍ത്തണം എന്നാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. ബ്രിട്ടന്റെ തൊഴില്‍സേനയുടെ ശക്തി നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നു. അനാരോഗ്യം കൂടി കണക്കിലെടുക്കുകയാണെങ്കില്‍, പ്രായപരിധി ഇനിയും വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ബേയ്സ് ബിസിനസ്സ് സ്കൂളിലെ സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസര്‍ കൂടിയായ മേഹ്യു പറയുന്നു.
നിലവിലെ സ്ഥിതി കണക്കാക്കിയാല്‍ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 70 കഴിഞ്ഞവരില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാണ് ജോലി ചെയ്യാനുള്ള ശാരീരികമായ അവസ്ഥയുള്ളു. തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കുറയുകയും, സാമ്പത്തികമായി നിഷ്ക്രിയമായവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നത് നികുതി കുറയുവാനും പെന്‍ഷനായി നല്‍കേണ്ട തുക വര്‍ദ്ധിക്കുവാനും ഇടയാക്കും.
അതിനു പുറമെ, പല മേഖലകളിലും തൊഴിലാളി ക്ഷാമം മൂലമുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളും സമ്പദ് വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സബിലിറ്റിയുടെ കണക്കുകള്‍ പ്രകാരം പെന്ഷന് ബെനെഫിറ്റ് മൂലം സര്‍ക്കാരിന് ഉണ്ടാകുന്ന ചെലവ് 136 ബില്യന്‍ പൗണ്ടാണ്. അതില്‍ 124 ബില്യന്‍ പോകുന്നത് സ്റ്റേറ്റ് പെന്‍ഷനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല