സ്വന്തം ലേഖകൻ: ഇന്ത്യന്‍ സൈനികരെ മാലെദ്വീപില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ചൈനയുടെ ‘ചാരക്കപ്പല്‍’ സിയാങ് യാങ് ഹോങ് 3 മാലെ തുറമുഖത്ത്. സൈനികാവശ്യങ്ങള്‍ക്കായും അല്ലാതെയും ഒരേ സമയം ഉപയോഗിക്കാനാകുമെന്നതാണ് സര്‍വേയ്ക്ക് നിലവില്‍ ഉപയോഗിക്കുന്നവെന്ന് ചൈന അവകാശപ്പെടുന്ന സിയാങ് ഹോങ് കപ്പല്‍. അടിയന്തരഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കുന്നതിനായി നേവിയുടേതടക്കം 3 ഹെലികോപ്ടറുകളും സൈനികരെയും ഇന്ത്യ മാലദ്വീപില്‍ വിന്യസിച്ചിട്ടുണ്ട്.
എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം ഉലഞ്ഞതിന് പിന്നാലെയാണ് ചൈന പിടിമുറുക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം, ചൈനീസ് കപ്പലായ സിയാങ് യാങ് ഹോങ് 3 ഓപറേഷല്‍ ആവശ്യങ്ങള്‍ക്കായി മാത്രമാണ് എത്തിയതെന്നും, മാലദ്വീപിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ഇത് കടക്കുന്നില്ലെന്നും മുയിസു സര്‍ക്കാര്‍ വ്യക്തമാക്കി. സൈനിക നിരീക്ഷണം നടത്തുന്നതിന് കൂടി പര്യാപ്തമാണ് സിയാങ് ഹോങ്3.
ചൈനയിലെ സാന്യ തുറമുഖം വിട്ട് യാത്രയാരംഭിച്ചത് മുതല്‍ കപ്പലിന്റെ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുന്ദ കടലിടുക്ക് കടക്കുന്നതിനിടെ മൂന്ന് തവണ കപ്പല്‍ ട്രാന്‍സ്പോണ്ടര്‍ ഓഫ് ചെയ്തതായി ഇന്തൊനേഷ്യന്‍ നേവി ആരോപിച്ചിരുന്നു. സാധാരണയായി ട്രാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കണമെന്ന് ഉള്ളപ്പോഴാണ് കപ്പലുകള്‍ ട്രാന്‍സ്പോണ്ടര്‍ ഓഫ് ചെയ്യുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഇന്ത്യന്‍ നേവിയുടെ മറീന്‍ ട്രാഫിക് വിഭാഗം കപ്പലിനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഈ നിരീക്ഷണത്തിലും കപ്പല്‍ ജാവ കടലില്‍ വച്ച് രണ്ടാഴ്ചയ്ക്ക് മുന്‍പ് ട്രാന്‍സ്പോണ്ടര്‍ ഓഫ് ചെയ്തതായി കണ്ടെത്തിയിരുന്നു. ഇത്തരം ദുരൂഹമായ പ്രവര്‍ത്തികള്‍ കപ്പല്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതോടെ മാലെ തുറമുഖത്ത് കപ്പലെത്തിയത് നിസാരമായി തള്ളാനാവില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.
ഫെബ്രുവരി അഞ്ചിന് കൊളംബോയില്‍ കപ്പല്‍ എത്തുമെന്നായിരുന്നു നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയുെട നിര്‍ദേശത്തെ തുടര്‍ന്ന് തീരത്ത് കപ്പലടുക്കുന്നത് ശ്രീലങ്ക വിലക്കി. 2022 മുതല്‍ തന്നെ കപ്പലിന്റെ സഞ്ചാരത്തില്‍ ഇന്ത്യ ആശങ്കകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. 2023 മുതല്‍ ചൈനീസ് കപ്പല്‍ ഇന്ത്യന്‍ സമുദ്രത്തിലുണ്ട്.
ഇതിനകം ചൈനയുടെ 11 നിരീക്ഷണ, സര്‍വേ കപ്പലുകളാണ് ഈ പ്രദേശത്ത് പല തവണയായി പ്രത്യക്ഷപ്പെട്ടത്. 11 സാറ്റലൈറ്റ് ബലിസ്റ്റിക് മിസൈല്‍ ട്രാക്കിങ് ഷിപ്പുകളും ചൈനയുടേതായി ഇന്ത്യന്‍ സമുദ്രത്തില്‍ മുന്‍പ് കണ്ടെത്തിയിരുന്നു. ഈ കപ്പലുകള്‍ മാലദ്വീപിനെയും ശ്രീലങ്കയെയും സര്‍വെ നടത്തി സഹായിക്കുന്ന നിരുപദ്രവകരമായ കപ്പലുകളാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ നിരന്തരം ചൈന പ്രദേശത്ത് സാന്നിധ്യമറിയിക്കുന്നതിനെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല