അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ സമിതി, 2024 ൽ യുക്മ സംഘടിപ്പിക്കുന്ന സുപ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതി യോഗമാണ് 2024 ലെ സുപ്രധാന ഇവന്റുകളുടെ തീയതികൾ തീരുമാനിച്ചത്.
യുകെയിലെ മലയാളി കായിക പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കായികമേള ജൂൺ 29 ശനിയാഴ്ച നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 2023 ൽ നനീട്ടണിലെ പിംഗിൾസ് സ്റ്റേഡിയത്തിലായിരുന്നു ദേശീയ കായികമേള നടന്നത്. ഈ വർഷത്തെ ദേശീയ കായികമേളയുടെ വേദി പിന്നീട് തീരുമാനിച്ച് അറിയിക്കുന്നതാണ്.
യുക്മ ഇവന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 31 ശനിയാഴ്ച നടത്തപ്പെടും. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഈ ഏറ്റവും വലിയ ജലമാമാങ്കം യുകെ മലയാളികൾ ഏറെ താല്പര്യത്തോടെയാണ് കാത്തിരിക്കുന്നത്. 2017, 2018, 2019 വർഷങ്ങളിൽ വളരെ ഭംഗിയായി നടത്തപ്പെട്ട കേരളപൂരം വള്ളംകളി കോവിഡ് മഹാമാരി താണ്ഡവമാടിയ 2020, 2021 വർഷങ്ങളിൽ മുടങ്ങിയെങ്കിലും 2022 മുതൽ പൂർവ്വാധികം ഭംഗിയായി യുക്മ സംഘടിപ്പിക്കുകയാണ്. യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ കേരളപുരം വള്ളംകളി ഇക്കുറിയും വൻ ആഘോഷമായി മാറ്റുവാനുള്ള ഒരുക്കങ്ങളിലാണ് യുക്മ നേതൃത്വം.
യുക്മ ദേശീയ കലാമേള നവംബർ 2 ശനിയാഴ്ച നടത്തുന്നതിന് യുക്മ ദേശീയ സമിതി തീരുമാനിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ഈ ഏറ്റവും വലിയ കലാമത്സരത്തിന് യുകെ യിലെ കലാ സ്നേഹികളായ മലയാളികൾ നൽകി വരുന്ന പിന്തുണ അഭിനന്ദനാർഹമാണ്. 2023 ലെ ദേശീയ കലാമേള ഗ്ളോസ്റ്റർഷയറിലെ ചെൽറ്റൻഹാമിലാണ് നടന്നത്.
യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണൽ, ദേശീയ കായികമേളകൾ, ആറാമത് യുക്മ കേരളപൂരം വള്ളംകളി, യുക്മ റീജിയണൽ, ദേശീയ കലാമേളകൾ എന്നിവ വൻ വിജയമാക്കുവാൻ മുഴുവൻ യുകെ മലയാളികളുടെയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല