സ്വന്തം ലേഖകൻ: സ്വിറ്റ്‌സർലൻഡിന്റെ പടിഞ്ഞാറു ഭാഗത്തു നിർത്തിയിട്ടിരുന്ന ട്രെയിനിൽ ബന്ദിയാക്കപ്പെട്ട പതിനഞ്ചു പേരെ പൊലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയോടെയാണു സംഭവം. ട്രെയിനിൽ നടന്ന പൊലീസ് റെയ്ഡിനൊടുവിൽ യാത്രക്കാരെ ബന്ദികളാക്കിയ പ്രതി കൊല്ലപ്പെട്ടു. പൊലീസ് ഇയാളെ വെടിവയ്ക്കുകയായിരുന്നു. ഇയാളുടെ കൈയ്യിൽ കോടാലിയും കത്തിയുമുണ്ടായിരുന്നു. ഇംഗ്ലിഷും ഫാർസിയും ആയിരുന്നു സംസാരിച്ചിരുന്നതെന്നു വോഡ് കാന്റൺ പൊലീസ് വക്താവ് ജീൻ-ക്രിസ്റ്റോഫ് സൗട്ടെറൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ ഇതുവരെ ലഭ്യമല്ല. ഇയാളെപ്പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു. ട്രെയിനിലെ 14 യാത്രക്കാരെയും കണ്ടക്ടറെയും നാലു മണിക്കൂറോളം നീണ്ട കഠിനാധ്വാനത്തിനു ശേഷമാണ് രക്ഷപ്പെടുത്തിയത്. വൈകുന്നേരം 6.35 മുതൽ രാത്രി 10.30 വരെയാണു രക്ഷാപ്രവർത്തനം നീണ്ടത്. യെവർഡണിനു സമീപം നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കണ്ടക്ടറാണു പൊലീസിനെ വിവരം അറിയിച്ചത്. ഇതുകണ്ട പ്രതി കണ്ടക്ടറെയും യാത്രക്കാർക്കൊപ്പം ബന്ദിയാക്കുകയായിരുന്നു.
വാട്‌സാപ്പ് വഴിയും ഇറാനിലെ ഒരു വിവർത്തകൻ വഴിയുമാണ് പ്രതിയുമായുള്ള ചർച്ചകൾ പൊലീസ് നടത്തിയത്. ഇയാൾ വഴങ്ങുന്നില്ലെന്നു കണ്ടതോടെ ട്രെയിൻ വളഞ്ഞ് പ്രതിയിൽനിന്നും ബന്ദിയാക്കപ്പെട്ടവരെ രക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്വിറ്റ്സർലൻഡിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ വിരളമാണെങ്കിലും ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. 2022 ജനുവരിയിൽ, വിലപിടിപ്പുള്ള ലോഹങ്ങൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ കുറ്റവാളികൾ ഒരു കമ്പനിയിലെ രണ്ടു ജീവനക്കാരെയും ദമ്പതികളെയും ബന്ദികളാക്കിയിരുന്നു. എന്നാൽ ശ്രമം പാളിയതോടെ കൊള്ളയിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇവർ ഓടിപ്പോവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല