സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ(എൻ.ടി.എ) തീരുമാനം. മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവായത്.
ഇത്തവണ ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചത്. ഇവയിൽ ഗൾഫ് ഉൾപ്പെടെ കേന്ദ്രങ്ങളുടെ പേരുകൾ ഇല്ലാത്ത് പ്രവാസി രക്ഷിതാക്കളെയും വിദ്യാർഥകളെയും ഗൾഫിലെ വിവിധ ഇന്ത്യൻ സ്കൂൾ അധികാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലായി ഒമ്പത് കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാർഥികളാണ് കഴിഞ്ഞ വർഷം പരീക്ഷയെഴുതിയത്. യുഎഇയിൽ മാത്രം നാലും (ദുബായിൽ രണ്ട്, ഷാർജ, അബുദാബി), സൗദി (റിയാദ്), ബഹ്റൈൻ (മനാമ), ഖത്തർ (ദോഹ), ഒമാൻ (മസ്കത്), കുവൈത്ത് (കുവൈത്ത് സിറ്റി) എന്നീ ജി.സി.സി രാജ്യങ്ങളിലായിരുന്നു പ്രവാസി വിദ്യാർഥികൾ പരീക്ഷ എഴുതിയത്.
പരീക്ഷാ ഓൺലൈൻ രജിസ്ട്രേഷന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചതോടെ എവിടെ സെൻറർ നൽകുമെന്ന ആശങ്കയിലാണ് പ്രവാസി വിദ്യാർഥികൾ. രജിസ്ട്രേഷൻ സമയത്ത് നാല് സെൻററുകൾ തെരഞ്ഞെടുത്താണ് അപേക്ഷാ നടപടി പൂർത്തിയാക്കേണ്ടത്. മേയ് അഞ്ചിന് നടക്കുന്ന പരീക്ഷക്ക് മാർച്ച് ഒമ്പതു വരെ അപേക്ഷിക്കാവുന്നതാണ്.
അതേസമയം, വിദേശരാജ്യങ്ങളിലെ സെൻററുകളെ വെട്ടിയത് സംബന്ധിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഉടൻ തന്നെ ഇവ പുനസ്ഥാപിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസി വിദ്യാർഥി സമൂഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല