സ്വന്തം ലേഖകൻ: സന്ദർശന വീസയിൽ സൗദിയിലെത്തുന്നവർ പാസ്പോർട്ട് കൈവശം വയ്ക്കേണ്ടതില്ലെന്ന് ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു. ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്സ് ഡിജിറ്റൽ ഐഡി കാർഡ് കൈവശം വച്ചാൽ മതിയാകും. സന്ദർശന വീസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്സ് ഡിജിറ്റൽ ഐഡിയിലൂടെ ലക്ഷ്യമിടുന്നത്.
സന്ദർശന വീസയിൽ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് ഏകീകൃത നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്ശിറിൽ പ്രവേശിച്ച് ഡിജിറ്റൽ ഐഡി നേടാൻ സാധിക്കും. സന്ദർശകരുടെ സൗദിയിലെവിടെയുമുള്ള സഞ്ചാരങ്ങൾക്ക് മൊബൈൽ ഫോണുകളിലുള്ള ഡിജിറ്റൽ ഐഡി ഉപയോഗിക്കാൻ കഴിയും.
ഡിജിറ്റൽ ഐഡി നേടുന്ന സന്ദർശകർക്ക് സൗദിയിലെ യാത്രകൾക്ക് പാസ്പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് വക്താവ് പറഞ്ഞു. അതേസമയം കഴിഞ്ഞവർഷം 10 കോടി വിനോദസഞ്ചാരികൾ എന്ന ലക്ഷ്യം രാജ്യത്തെ ടൂറിസം മേഖല കൈവരിച്ചതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
പൊതുനിക്ഷേപ നിധിയുടെയും സ്വകാര്യമേഖല ഫോറത്തിന്റെയും രണ്ടാം പതിപ്പിൽ ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സ്വകാര്യമേഖലയുടെ പ്രാധാന്യം’ എന്ന ശീർഷകത്തിൽ നടന്ന മന്ത്രിതല സെഷനിലാണ് ടൂറിസം മന്ത്രി ഇക്കാര്യം പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല