ഡ്രൈവര്‍മാരുടെ അമിതവേഗ കേസുകള്‍ തേച്ചുമാച്ചു കളയാന്‍ കൈക്കൂലി വാങ്ങിയ കോടതി ഗുമസ്ഥന് ജയിലിലായി. റെഡ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയിലെ ഗുമസ്ഥനായ മുനീര്‍ പട്ടേല്‍ ആണ് അറസ്റ്റിലായത്. ഓരോ കേസും ഇല്ലാതാക്കാന്‍ ഇയാള്‍ ഡ്രൈവര്‍മാരില്‍ നിന്ന് 500 പൗണ്ടാണ് കൈക്കൂലി വാങ്ങിയിരുന്നത്. ദ സണ്‍ ദിനപ്പത്രം നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്.
കൈക്കൂലി വിരുദ്ധ നിയമം കര്‍ക്കശമാക്കിയതിന് ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് 22കാരനായ മുനീര്‍. ഈ നിയമപ്രകാരം മൂന്നു വര്‍ഷത്തേക്കാണ് ശിക്ഷ. എന്നാല്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിന് ഇയാള്‍ ആറ് വര്‍ഷത്തേക്കു കൂടി ശിക്ഷ അനുഭവിക്കണം.
ദ സണ്‍ നടത്തിയ രഹസ്യക്യാമറ നീക്കത്തില്‍ കുടുങ്ങിയ പട്ടേല്‍ കഴിഞ്ഞമാസം സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിക്ക് മുമ്പാകെ മാപ്പപേക്ഷിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. ഡ്രൈവിംഗ് കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മുനീര്‍ കുറഞ്ഞത് അമ്പതുപേരെയെങ്കിലും സഹായിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.
കോടതി രേഖകള്‍ എടുത്തുമാറ്റി പ്രതികള്‍ക്ക് സമന്‍സ് ലഭിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് മുനീര്‍ ചെയ്യുന്നത്. ജൂലൈയിലാണ് പുതിയ അഴിമതി വിരുദ്ധ നിയമം കൊണ്ടുവന്നത്. ദ സണ്‍ പത്രവും കൈക്കൂലി നിയമം ലംഘിച്ചെങ്കിലും അത് നിയമത്തെ സഹായിക്കാന്‍ വേണ്ടിയാണെന്ന് പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ കോടതിയെ അറിയിച്ചു. കോടതി ഈ വാദം വിലയ്ക്കെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല