സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധി വ്യക്തമാക്കി കൊണ്ട് ഒരു മരണം കൂടി. ശക്തമായ തലവേദനയുമായി എമര്‍ജന്‍സി വിഭാഗത്തില്‍ ഡോക്ടറെ കാണാന്‍ എത്തിയ യുവതിയെ ഒരു കട്ടിലിനടിയില്‍ അബോധവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 19 ന് ആയിരുന്നു, രണ്ടു കുട്ടികളുടെ അമ്മ കൂടിയായ 39 കാരി നോട്ടിംഗ്ഹാമിലെ ക്യുന്‍സ് മെഡിക്കല്‍ സെന്ററില്‍ എത്തിയത്.
ഡോക്ടറെ കാണുവാന്‍ കാത്തിരിക്കേണ്ടി വന്നത് ഏഴ് മണിക്കൂര്‍ ആയിരുന്നു. ഇതിനിടയില്‍ നഴ്സുമാര്‍ അവരെ മൂന്ന് തവണ പരിശോധിച്ചിരുന്നു. ഏഴു മണിക്കൂര്‍ കാത്തിരിപ്പിനൊടുവില്‍അവരുടെ പേര് വിളിച്ചപ്പോള്‍ അതിന് പ്രതികരണമൊന്നും ലഭിച്ചില്ല. കാത്തിരുന്ന് മടുത്ത് അവര്‍ മടങ്ങിപ്പോയി കാണും എന്നായിരുന്നു ആശുപത്രി ജീവനക്കാര്‍ ചിന്തിച്ചത്. പിന്നീടാണ് കാത്തിരിപ്പു മുറിയില്‍ ഒരു കട്ടിലിനടിയില്‍ അവരെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്.
ഉടനടി അവരെ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റിയെങ്കിലും ജനുവരി 22 ന് അവര്‍ മരണമടഞ്ഞു എന്ന് എല്‍ ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോസ്പിറ്റലിന്റെ ചുമതല വഹിക്കുന്ന നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഇക്കാര്യത്തില്‍ അന്വേഷണമാരംഭിച്ചതായി ഡെയ്ലി മെയിലും റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തില്‍ എന്‍ യു എച്ച് ഡയറക്ടര്‍ അനുശോചനവും രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അത് അവസാനിക്കുന്നതുവരെ ഒന്നും പറയാനില്ലെന്നുമായിരുന്നു എന്‍ യു എച്ച് ഡയറക്ടര്‍ ഡോക്ടര്‍ കീത്ത് ഗിര്‍ലിംഗ് പ്രതികരിച്ചത്.
അതേസമയം, ഹോസ്പിറ്റലിലെ കാത്തിരിപ്പ് സമയം ചിലപ്പോഴൊക്കെ 14 മണിക്കൂര്‍ വരെ നീളാറുണ്ടെന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടയില്‍ പുറത്തു വന്ന മറ്റൊരു കണക്ക് പറയുന്നത് ഇംഗ്ലണ്ടില്‍ ഡോക്ടറെ കാണുവാനായി 12 മണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം 25 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി എന്നാണ്.
ജീവനക്കാരുടെ ക്ഷാമം എന്‍ എച്ച് എസ്സിന്റെ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു എന്ന് തന്നെയാണ് ഈ സംഭവവും കാണിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബ്രിട്ടനിലെ ആരോഗ്യ രംഗവും ചൂടേറിയ രാഷ്ട്രീയ സംവാദങ്ങളില്‍ ഇടംപിടിക്കുമെന്നത് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല