സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വിസിറ്റ് വീസയില്‍ വരുന്നവര്‍ക്ക് ഡിജിറ്റല്‍ ഡോക്യുമെന്റ് എടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ഷിര്‍ വഴി എളുപ്പത്തില്‍ സാധിക്കും. സന്ദര്‍ശകര്‍ക്കുള്ള അബ്ഷിര്‍ ഡോക്യുമെന്റ് എടുക്കുന്നതിന് ലളിതമായ ഘട്ടങ്ങളാണുള്ളത്.
അബ്ഷിറില്‍ പ്രവേശിച്ച ശേഷം സര്‍വീസ്, ജനറല്‍ സര്‍വീസ്, അബ്ഷിര്‍ റിപ്പോര്‍ട്ട് എന്നീ വിന്‍ഡോകളിലൂടെ പ്രവേശിച്ച് വിസിറ്റേഴ്സ് റിപ്പോര്‍ട്ട് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ പ്രിന്റ് (ഡിജിറ്റല്‍ ഡോക്യുമെന്റ്) ലഭിക്കും. അബ്ഷിറില്‍ ഇതോടൊപ്പം വിസിറ്റേഴ്സ് ഡിജിറ്റല്‍ ഐ.ഡി സേവനവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റ് ഉണ്ടെങ്കില്‍ സന്ദര്‍ശന വീസയില്‍ എത്തുന്നവര്‍ക്ക് പാസ്പോര്‍ട്ട് കൈവശം വെക്കേണ്ട ആവശ്യമില്ല.
വിസിറ്റ് വീസയില്‍ വരുന്നവര്‍ക്ക് പാസ്പോര്‍ട്ട് കൈവശം സൂക്ഷിക്കാതെ സൗദിയില്‍ എവിടെയും സന്ദര്‍ശനം നടത്താന്‍ ഡിജിറ്റല്‍ ഐഡി മതി. പരിശോധനാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മൊബൈല്‍ ഫോണില്‍ ഡിജിറ്റല്‍ ഐഡി കാണിക്കാം. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി ചെക്പോയിന്റുകള്‍ എന്നിങ്ങനെ രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളില്‍ വച്ച് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന എന്‍ട്രി നമ്പര്‍ ഉപയോഗിച്ചാണ് അബ്ഷിര്‍ വഴി ഡിജിറ്റല്‍ ഐഡി കാര്‍ഡ് എടുക്കേണ്ടത്.
സന്ദര്‍ശന വീസയില്‍ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും ഡിജിറ്റല്‍ ഐഡി കാര്‍ഡ് എളുപ്പമാക്കും. അബ്ഷിര്‍ വഴി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി നാല് സേവനങ്ങള്‍ ആരംഭിച്ചതിലാണ് സന്ദര്‍ശകര്‍ക്കുള്ള ഡിജിറ്റല്‍ ഡോക്യുമെന്റ് എന്ന സേവനവും തുടങ്ങിയത്. പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്തതിനെ കുറിച്ച് അറിയിക്കല്‍, മുഖീം റിപ്പോര്‍ട്ട് എന്നിവയാണ് മറ്റു സേവനങ്ങള്‍.
ആഭ്യന്തര മന്ത്രാലയത്തിന്റെ മറ്റൊരു ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ മുഖീമിലും ഇതോടൊപ്പം നാല് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡില്‍ വിവര്‍ത്തനം ചെയ്ത പേരിലെ തിരുത്തല്‍, ഇഖാമ നഷ്ടപ്പെട്ടതിനെ കുറിച്ച് അറിയിക്കല്‍, വീസകളെ കുറിച്ച അന്വേഷണവും വെരിഫിക്കേഷനും, തൊഴിലുടമകള്‍ക്കുള്ള അലെര്‍ട്ടുകള്‍ എന്നിവയാണിവ.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗത്തിന്റേത് ഉള്‍പ്പെടെ 400ഓളം സേവനങ്ങള്‍ അബ്ഷിര്‍ വഴി ലഭ്യമാണ്. വ്യക്തികള്‍ക്കുള്ള സേവനങ്ങള്‍ മാത്രമല്ല, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങളും ഇതിലൂടെ ലഭിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല