1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2024

സ്വന്തം ലേഖകൻ: യുകെ മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു ഈസ്റ്റ് സസെക്‌സിലെ ഉക്ക്ഫീല്‍ഡില്‍ നടന്നത്. രണ്ട് മക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത് മലയാളി നഴ്‌സ് ആണെന്നറിഞ്ഞതോടെ മലയാളി സമൂഹം നടുങ്ങി. 38 വയസ്സുകാരി ജിലുമോള്‍ ജോര്‍ജിനെതിരെ രണ്ട് കുട്ടികളെ കൊലപ്പെടുത്താനുള്ള ശ്രമിച്ചതിനു വധശ്രമം ചുമത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈസ്റ്റ് സസെക്‌സിലെ ഉക്ക്ഫീല്‍ഡിലുള്ള ഹണ്ടേഴ്‌സ് വേയിലെ വീട്ടില്‍ വെച്ചാണ് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജിലു ആത്മഹത്യക്ക് ശ്രമിച്ചത്.

ഒന്‍പത്, 13 വയസ്സുള്ള കുട്ടികളെയും, അമ്മയെയും വ്യാഴാഴ്ച രാവിലെ 6.30-ഓടെ എമര്‍ജന്‍സി സര്‍വ്വീസുകള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചു. അന്വേഷണത്തിന് ശേഷമാണ് ജിലുമോള്‍ ജോര്‍ജ്ജിന് എതിരെ വധശ്രമത്തിനും, കുട്ടികളുടെ ജീവിതം അപകടത്തിലാക്കാന്‍ വിഷയം കുത്തിവെച്ചതിനും കേസുകള്‍ എടുത്തത്.

ശനിയാഴ്ച ബ്രൈറ്റണ്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയ ജിലുവിനെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 8ന് ക്രൗണ്‍ കോടതിയില്‍ ഹാജരാകണം. വിവരം ലഭിച്ച് ഹണ്ടേഴ്‌സ് വേയിലെ വീട്ടിലെത്തിയ എമര്‍ജന്‍സി സര്‍വ്വീസുകള്‍ 38-കാരിയായ സ്ത്രീയെയും, ഒന്‍പത്, 13 വയസ്സുള്ള രണ്ട് കുട്ടികളെയും കണ്ടെത്തുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

സംഭവം ഒറ്റപ്പെട്ടതാണെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ മാര്‍ക്ക് ഇവാന്‍സ് പറഞ്ഞു. ‘ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പ്രാദേശിക സമൂഹത്തിന് ഉറപ്പ് നല്‍കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ല. അന്വേഷണം വേഗത്തില്‍ പുരോഗമിക്കുകയാണ്. അടുത്ത ഏതാനും ദിവസത്തേക്ക് പ്രദേശത്ത് പോലീസ് സാന്നിധ്യം കൂടുതലാകും’, ഇവാന്‍സ് വ്യക്തമാക്കി.

സാഹചര്യങ്ങള്‍ എന്തായാലും നിയമത്തിന്റെ മുന്നില്‍ എത്തുമ്പോള്‍ രക്ഷപ്പെടാന്‍ കാര്യമായ പഴുതുകള്‍ ഇല്ലാത്ത കുറ്റമാണ് മലയാളി നഴ്‌സ് ആയ അക്ഫീല്‍ഡിലെ ജിലുമോള്‍ ജോര്‍ജ് ചെയ്തിരിക്കുന്നത് എന്നാണ് നിയമ രംഗത്തെ വിലയിരുത്തല്‍. യുകെയിലെ നിയമം അനുസരിച്ചു കുട്ടികള്‍ക്ക് നേരെയുള്ള ഏതാക്രമത്തിനും കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കെറ്ററിംഗില്‍ കൂട്ടക്കൊല നടത്തിയ കണ്ണൂര്‍ സ്വദേശി സജു ചെലവേലിന് ലഭിച്ചത് പരോള്‍ ഇല്ലാത്ത 40 വര്‍ഷത്തെ ശിക്ഷയാണ്. യുകെയില്‍ തന്നെ സ്വന്തം അമ്മ മക്കളെ വകവരുത്താന്‍ ശ്രമിച്ചെന്ന നിലയില്‍ പ്രത്യേക ശ്രദ്ധ ലഭിച്ചിരിക്കുകയാണ് ഈ കേസിന്. പ്രായപൂര്‍ത്തി ആകാത്ത രണ്ടു കുട്ടികള്‍ കൊലപാതക ശ്രമത്തില്‍ ഉള്‍പ്പെട്ടു എന്നത് കേസ് കോടതിയില്‍ വിചാരണക്ക് എത്തുമ്പോള്‍ അത്യന്തം ഗൗരവത്തോടെ പരിഗണിക്കപ്പെടും എന്നുറപ്പ്.

ഒന്നിലേറെ കുട്ടികള്‍ക്ക് ഒരു കേസില്‍ ക്രൂരത നേരിടേണ്ടി വന്നാല്‍ ബ്രിട്ടനില്‍ പരമാവധി ശിക്ഷ നല്‍കണം എന്നാണ് നിയമം അനുശാസിക്കുന്നത്. കേറ്ററിംഗ് വിധിയില്‍ നിയമത്തിലെ ഈ ഭാഗമാണ് നിർണായകമായതു. എന്തുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ളവരുടെ പേരില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നുവരെ കോടതികളില്‍ ചോദ്യം ഉയരുന്നതും യുകെ മലയാളി സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.