1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2024

സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനം വളഞ്ഞുള്ള സമരം പ്രഖ്യാപിച്ച കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. മുമ്പ് രണ്ടുതവണ നടത്തിയ ചര്‍ച്ചകളും അലസിപ്പിരിഞ്ഞതിന് പിന്നാലെ കേന്ദ്രം കര്‍ഷക നേതാക്കളെ ചൊവ്വാഴ്ച വീണ്ടും അനുനയ നീക്കവുമായി സമീപിച്ചു. ചൊവ്വാഴ്ച തന്നെ മൂന്നാംവട്ട ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നും എന്നാല്‍ സമയം നിശ്ചയിച്ചിട്ടില്ലെന്നും സമരത്തിലുള്ള സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ നേതാക്കള്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. മൂന്നാമത്തെ ചര്‍ച്ചയും ചണ്ഡീഗഢിലാകുമെന്നാണ് വിവരം.

അതിനിടെ, പ്രഖ്യാപിച്ചതുപോലെ പഞ്ചാബില്‍ നിന്ന് ട്രാകറുകളുമായി കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി മാര്‍ച്ച് ആരംഭിച്ചു. ഹരിയാണ അതിര്‍ത്തികളില്‍ ഇവരെ പോലീസ് തടഞ്ഞു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഹരിയാണ-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കനത്ത സുരക്ഷയാണിവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയുടെ സമീപ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാണ എന്നിവിടങ്ങളിലാകെ കനത്ത നിയന്ത്രണങ്ങളും ജാഗ്രതയുമാണ്. ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ അടച്ച് നിയന്ത്രണങ്ങള്‍ക്ക് കടുപ്പിച്ചു. തിങ്കളാഴ്ച തന്നെ ഡല്‍ഹി അതിര്‍ത്തികളില്‍ ബഹുതലത്തില്‍ ബാരിക്കേഡുകള്‍ നിരത്തി വാഹനഗതാഗതം നിയന്ത്രിച്ചിരുന്നു. ഡല്‍ഹി നഗര മധ്യത്തിലും വാഹന പരിശോധനകള്‍ കര്‍ക്കശമാക്കി. മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ ഇരുന്നൂറിലേറെ കര്‍ഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ച് രംഗത്തുവന്നത്. കര്‍ഷക സമരത്തിന്റെ കാലത്തെടുത്ത കേസുകള്‍ പിന്‍വലിക്കണം, സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതടക്കം ആവശ്യങ്ങളുയര്‍ത്തിയാണ് സമരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.