സ്വന്തം ലേഖകൻ: പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം,താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസനിയമം ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി ചർച്ചചെയ്യും. അസംബ്ലി സമ്മേളന അജണ്ടയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ താമസം സംബന്ധിച്ച കരട് നിയമം നേരത്തേ പലതവണ സമ്മേളന അജണ്ടകളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മറ്റു കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.
അതിനിടെ, ഈ മാസം പ്രവാസികളുടെ കുടുംബ വീസ, കുടുംബ സന്ദർശന വീസ, ടൂറിസ്റ്റ് വീസ എന്നിവ പുനരാരംഭിച്ചിരുന്നു. പുതിയ താമസ നിയമത്തിൽ റസിഡൻസി പെർമിറ്റുകൾക്കും പുതുക്കലുകൾക്കും എൻട്രി വീസയ്ക്കും നിശ്ചിത നിരക്ക് വ്യക്തമാക്കുമെന്നാണ് സൂചന.
2024-27 ലെ സർക്കാർ അജണ്ട, തെരഞ്ഞെടുപ്പ് മണ്ഡലങ്ങൾ പുനഃക്രമീകരിക്കുന്നതിനുള്ള കരട് നിയമം, എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളും ചൊവ്വാഴ്ചയിലെ സെഷൻ ചർച്ച ചെയ്യും. യൂറോഫൈറ്റർ ഇടപാടിനെക്കുറിച്ചുള്ള പാർലമെന്ററി അന്വേഷണം, കുവൈത്ത് എയർവേയ്സ് കോർപറേഷനെ ഷെയർഹോൾഡിങ് കമ്പനിയാക്കി മാറ്റൽ, സാധനങ്ങളുടെ വില നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളും മുന്നിലുണ്ട്.
കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയുടെ (നസഹ) മധ്യവാർഷിക റിപ്പോർട്ട്, 2020, 2021, 2022 വർഷങ്ങളിലെ പൊതു ധനകാര്യ റിപ്പോർട്ടുകളെക്കുറിച്ചുള്ള പാർലമെന്ററി കമ്മിറ്റി റിപ്പോർട്ടുകൾ തുടങ്ങിയ വിഷയങ്ങളിലും പാർലമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല