1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2024

സ്വന്തം ലേഖകൻ: എൻഎച്ച്എസ് ജീവനക്കാരില്‍ 20 ശതമാനവും വിദേശ പൗരന്‍മാർ ആണെന്ന് കണക്കുകള്‍. ലോകത്തെ 214 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ എൻഎച്ച്എസ് ജീവനക്കാരായി ജോലി ചെയ്യുന്നുണ്ട്. അതായത് യുകെയുടെ സ്വന്തം നാഷനൽ ഹെൽത്ത് സർവീസ് ഇപ്പോൾ ‘ഇന്റർ’നാഷനൽ ഹെൽത്ത് സർവീസ് ആയി മാറിയെന്ന് ചുരുക്കം!!.

വിദേശികളായ ജീവനക്കാരിൽ മുന്നിൽ ഉള്ളത് ഇന്ത്യക്കാരാണ്. അതിൽ മുന്നിൽ നിൽക്കുന്നത് നമ്മുടെ സ്വന്തം മലയാളികളും. എൻഎച്ച്എസ് കണക്കുകൾ പ്രകാരം 20 ശതമാനം വിദേശ പൗരന്‍മാരിൽ 10.1% ജീവനക്കാർ ഇന്ത്യക്കാരാണ്. എൻഎച്ച്എസിലെ പത്തില്‍ മൂന്ന് നഴ്‌സുമാരും, ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തിലേറെയും വിദേശ പൗരന്മാർ ആണെന്നത് റെക്കോര്‍ഡ് കണക്കാണെന്ന് എൻഎച്ച്എസ് മേധാവികൾ പറയുന്നു.

യുകെയിൽ എൻഎച്ച്എസ് സേവനങ്ങള്‍ സമ്മര്‍ദത്തില്‍ മുങ്ങുന്നത് ഒഴിവാക്കാന്‍ വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് വർധിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്നാല്‍ വിദേശ റിക്രൂട്ട്‌മെന്റ് നടത്തി എല്ലാക്കാലവും എൻഎച്ച്എസിലെ ഒഴിവുകൾ നികത്താൻ കഴിയില്ലെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിദേശ ജീവനക്കാരിൽ ഇന്ത്യയ്ക്ക് പിന്നാലെയുള്ളത് ഫിലിപ്പൈന്‍സ്, നൈജീരിയ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

അതേസമയം ആരോഗ്യ സംരക്ഷണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്‍പോട്ടു കൊണ്ടുപോകാന്‍ എക്കാലവും വിദേശികളെ ആശ്രയിക്കാമെന്ന് കരുതരുതെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസിലെ ഒഴിവുകള്‍ എക്കാലവും വിദേശികളെ കൊണ്ട് നിറയ്ക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. നിര്‍ഭാഗ്യവശാല്‍, സമ്മര്‍ദ്ദത്തില്‍ ഉലയാതെ പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോകാന്‍ എന്‍എച്ച്എസ് വിദേശ ജീവനക്കാരില്‍ അമിതമായി ആശ്രയിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍ എന്നും അവര്‍ പറയുന്നു.

അടുത്തിടെ മെയ്ല്‍ ഓണ്‍ സണ്‍ഡേ നടത്തിയ ഒരു അന്വേഷണത്തില്‍ എന്‍എച്ച്എസിലെ ചില ജീവനക്കാര്‍ ആസ്ട്രേലിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലിരുന്നാണ് ജോലി ചെയ്യുന്നത് എന്ന് തെളിഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ എന്‍എച്ച്എസിനെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നു. ജീവനക്കാരെ വിദേശങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നത് രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകും എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.