സ്വന്തം ലേഖകൻ: യുഎഇയുമായുള്ള ഉഭയകക്ഷി സൗഹൃദത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഖത്തറിലെത്തും. ഇന്ന് അബുദാബിയില്‍ ബാപ്‌സ് ഹൈന്ദവ ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്യുകയും ദുബായില്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയും ചെയ്ത ശേഷമായിരിക്കും മോദി ദോഹയിലെത്തുക.
എട്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ദ്വിദിന യുഎഇ സന്ദര്‍ശനത്തിന് മോദി പുറപ്പെടുമ്പോള്‍ ഖത്തര്‍ സന്ദര്‍ശനം പ്രഖ്യാപിച്ചിരുന്നില്ല. ചാരവൃത്തി ആരോപിച്ച് ഖത്തര്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ നയതന്ത്ര ഇടപെടലിലൂടെ മോചിപ്പിച്ചതിനു പിന്നാലെയാണ് മോദി ദോഹ സന്ദര്‍ശനം പ്രഖ്യാപിക്കുന്നത്. യുഎഇയുമായി ഉണ്ടാക്കിയ ഊഷ്മളമായ ബന്ധം ഖത്തറുമായും സ്ഥാപിക്കാനുള്ള അവസരം കൂടിയായി ഇത് കണക്കാക്കാം.
2016 ജൂണിലാണ് പ്രധാനമന്ത്രി മോദി അവസാനമായി ഖത്തര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ദുബായില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി കോപ് 2023ല്‍ പങ്കെടുക്കവെ നരേന്ദ്ര മോദി ഖത്തര്‍ ഭരണാധികാരി അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായെ കണ്ടിരുന്നു. സംഭാഷണത്തില്‍ ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ വിഷയം ചര്‍ച്ചചെയ്തതായി മോദി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ന് ദോഹയില്‍ അമീര്‍ ഷെയ്ഖ് തമീമുമായും മറ്റ് രാഷ്ട്ര നേതാക്കളുമായും അദ്ദേഹം വിശദമായ ചര്‍ച്ച നടത്തും. രണ്ടു ദിവസം മോദി ഖത്തറില്‍ തങ്ങും. പ്രധാനമന്ത്രി മോദിയുടെ രണ്ടാം സന്ദര്‍ശനത്തെ ഇവിടുത്തെ പ്രവാസി ഇന്ത്യക്കാര്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ദോഹയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരവും ഊഷ്മളവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതായിരിക്കും ദ്വിദിന സന്ദര്‍ശനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ-ഖത്തര്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ സുവര്‍ണ ജൂബിലി വര്‍ഷമാണ് 2023. ഇക്കാലങ്ങളിലെല്ലാം ഇരു രാഷ്ട്രങ്ങളിലെയും ഭരണാധികാരികളുടെയും മന്ത്രിമാരുടെയും പരസ്പര സന്ദര്‍ശനങ്ങള്‍ വഴിയും പ്രവാസി ഇന്ത്യക്കാരുടെ ശക്തമായ സാന്നിധ്യത്തിലൂടെയും സൗഹൃദം ശക്തമായി തുടര്‍ന്നുപോന്നു. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സുരക്ഷ, വിദ്യാഭ്യാസം, സാംസ്‌കാരികം, കായികം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ശക്തമായ ബന്ധമാണ് നിലിവിലുള്ളത്. കഴിഞ്ഞ വര്‍ഷം 1900 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നതെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല