സ്വന്തം ലേഖകൻ: ഇന്ത്യയും യുഎഇയും പരസ്പരം പുരോഗതിയിൽ പങ്കാളികളാണെന്നും ഇരു രാജ്യങ്ങളുടെയും ബന്ധം കഴിവിലും സംസ്കാരത്തിലും അധിഷ്ഠിതമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബി ഷെയ്ഖ് സായിദ് സ്പോർട്സ് സിറ്റിയിൽ ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നടക്കുന്ന അഹ്ലൻ മോദി പരിപാടിയിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെയും യുഎഇയുടെയും സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ പ്രവാസികളുടെ കഠിനാധ്വാനം നിർണായകമാണെന്നും മോദി പറഞ്ഞു. ഇന്ന് യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ഏഴാമത്തെ വലിയ നിക്ഷേപകരുമാണ്. രണ്ട് രാജ്യങ്ങളും ജീവിതം ലളിതമാക്കാനും എളുപ്പത്തിൽ ബിസിനസ്സ് ചെയ്യാനും ശ്രമിക്കുന്നു.
തന്‍റെ മൂന്നാമൂഴത്തിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ഉറപ്പാണ്. ”മോദി കി ഗ്യാരണ്ടി യാനി ഗ്യാരണ്ടി പൂര ഹോനെ കി ഗ്യാരണ്ടി”–നിറഞ്ഞ കരഘോഷത്തിനിടയിൽ പ്രധാനമന്ത്രി പറഞ്ഞു. ഏകീകൃത പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ആരംഭിക്കുന്നത് ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് എളുപ്പത്തിൽ പണം കൈമാറാൻ അനുവദിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇന്ന് ഓരോ ഇന്ത്യക്കാരന്‍റെയും ലക്ഷ്യം 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെ ഓരോന്ന് എടുത്ത് ചോദിച്ച് ഉത്തരവും നൽകിയത് സദസ്സിനെ രസിപ്പിച്ചു. സമ്പദ്‌വ്യവസ്ഥ അതിവേഗം പുരോഗമിക്കുന്ന രാജ്യമേതാണ്? നമ്മുടെ ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഉള്ള രാജ്യം ഏതാണ്? നമ്മുടെ ഇന്ത്യ.
ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ എത്തിയ രാജ്യം? നമ്മുടെ ഇന്ത്യ. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ എത്തിയ രാജ്യം? നമ്മുടെ ഇന്ത്യ. ഒരേ സമയം 100 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം ഏത്? നമ്മുടെ ഇന്ത്യ. 5ജി സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ച് ഏറ്റവും വേഗത്തിൽ വികസിപ്പിച്ച രാജ്യം ഏതാണ്? നമ്മുടെ ഇന്ത്യ. ഓരോന്നിനും നമ്മുടെ ഇന്ത്യ എന്ന് പറഞ്ഞ് സദസ്സ് ആർത്തുവിളിച്ചു.
2015ൽ നിങ്ങളുടെ എല്ലാവരുടെയും പേരിൽ അബുദാബിയിൽ ഒരു ക്ഷേത്രം പണിയാനുള്ള നിർദ്ദേശം ഞാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് അവതരിപ്പിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ “യെസ്” എന്ന് പറഞ്ഞുവെന്ന് മോദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല