1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2024

സ്വന്തം ലേഖകൻ: കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ വെടിയേറ്റാണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് നിഗമനം. കാലിഫോര്‍ണിയ സാന്‍മെറ്റയോയില്‍ താമസിച്ചിരുന്ന കൊല്ലം പട്ടത്താനം വികാസ് നഗര്‍ സ്‌നേഹയില്‍ ആനന്ദ് സുജിത് ഹെന്‍ട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നെയ്തന്‍, നോഹ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ആനന്ദിന്റെയും ആലീസിന്റെയും മൃതദേഹങ്ങള്‍ കുളിമുറിയിലും കുട്ടികളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.

പോലീസ് പരിശോധനയില്‍ കുളിമുറിയില്‍നിന്ന് ഒന്‍പത് എം.എം. പിസ്റ്റളും തിരയും കണ്ടെത്തി. ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി.ഹെന്‍ട്രിയുടെയും വിരമിച്ച അധ്യാപിക ശാന്തമ്മയുടെയും മകനാണ് ആനന്ദ്. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ വെളിയില്‍വീട്ടില്‍ പരേതനായ ബെന്‍സിഗറിന്റെയും ജൂലിയറ്റിന്റെയും മകളാണ് ആലീസ്. ഏഴുവര്‍ഷംമുന്‍പാണ് ദമ്പതിമാര്‍ അമേരിക്കയിലേക്കു പോയത്.

കുളിമുറിയില്‍ ബാത്ത്ടബ്ബില്‍വെച്ചാണ് ഭാര്യയ്ക്ക് നേരേ വെടിവെച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നു. കുളിമുറിയില്‍നിന്ന് 9 എം.എം. പിസ്റ്റള്‍ കണ്ടെടുത്തതായും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുളിമുറിയില്‍നിന്ന് കണ്ടെടുത്ത പിസ്റ്റള്‍ മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാണെന്നും ഇതിന് ലൈസന്‍സുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, കുട്ടികളെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. കുട്ടികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ അടയാളങ്ങളില്ലെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിഷംനല്‍കിയോ ശ്വാസംമുട്ടിച്ചോ കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

2020-ലാണ് ആനന്ദും പ്രിയങ്കയും സാന്‍മെറ്റേയോയിലെ വീട്ടില്‍ താമസം ആരംഭിച്ചതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. 2.1 മില്ല്യണ്‍ ഡോളര്‍(ഏകദേശം 17 കോടിയിലേറെ രൂപ) വിലവരുന്ന വീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. അഞ്ച് കിടപ്പുമുറികളുള്ള വീട്ടിലെ ഒരുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ആനന്ദ് നേരത്തെ ഗൂഗിളിലും മെറ്റയിലും സോഫ്റ്റ് വേര്‍ എന്‍ജിനീയറായി ജോലിചെയ്തിരുന്നതായാണ് വിവരം. ഭാര്യ ആലീസ് ‘സില്ലോ’യില്‍ ഡേറ്റ സയന്‍സ് മാനേജരായിരുന്നു. 2016-ല്‍ ആനന്ദ് വിവാഹമോചനത്തിനായി ഹര്‍ജി ഫയല്‍ചെയ്തിരുന്നതായും എന്നാല്‍ പിന്നീട് ഇതുമായി മുന്നോട്ടുപോയില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

അതേസമയം, കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.