സ്വന്തം ലേഖകൻ: വ്യാഴാഴ്ച കോഴിക്കോട്-കുവൈത്ത് എയർഇന്ത്യ എക്സ്പ്രസ് സർവീസ് താളം തെറ്റി. രാവിലെ 9.30ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന വിമാനം വൈകിയതാണ് മൊത്തം സർവീസുകളെ ബാധിച്ചത്. രാവിലെ 9.30ന് കോഴിക്കോടുനിന്ന് പുറപ്പെടേണ്ട വിമാനം ഉച്ചകഴിഞ്ഞ് 1.24നാണ് പുറപ്പെട്ടത്. വിമാനം വൈകുമെന്നത് കഴിഞ്ഞ ദിവസം യാത്രക്കാരെ അറിയിച്ചിരുന്നു. 9.30നുള്ള വിമാനം 11.40ന് പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്.
ഇതനുസരിച്ചാണ് മിക്ക യാത്രക്കാരും വിമാനത്താവളത്തിലെത്തിയത്. എന്നാൽ വീണ്ടും മണിക്കൂറുകൾ വൈകി 1.24നാണ് വിമാനം പുറപ്പെട്ടത്. നേരത്തെ എത്തിയവർക്ക് ഇതു വലിയ പ്രയാസം സൃഷ്ടിച്ചു. പതിവായി 12.15ന് കുവൈത്തിൽ എത്തുന്ന വിമാനം ഇതോടെ കുവൈത്ത് സമയം നാലുമണിയോടെയാണ് എത്തിയത്. നേരത്തേ എത്തി ജോലിക്കും മറ്റു ഇടപാടുകൾക്കും തയാറെടുക്കേണ്ട യാത്രക്കാർക്ക് സമയം വൈകിയത് ദുരിതമായി.
കോഴിക്കോട്ടുനിന്നുള്ള വിമാനം പുറപ്പെടാൻ വൈകിയതോടെ കുവൈത്ത്-കോഴിക്കോട് വിമാനവും പുറപ്പെടാൻ വൈകി. കുവൈത്തിൽനിന്ന് 1.15ന് പുറപ്പെടേണ്ട വിമാനം വൈകീട്ട് അഞ്ചുമണിയോടെയാണ് പുറപ്പെട്ടത്. നേരത്തേ ഉച്ചകഴിഞ്ഞ് 3.30ന് വിമാനം പുറപ്പെടുമെന്നായിരുന്നു അറിയിച്ചിരുന്നത്. കോഴിക്കോട് നിന്നു വിമാനം എത്താൻ വൈകിയതോടെയാണ് അഞ്ചുമണിയിലേക്ക് നീണ്ടത്.
ഇതോടെ രാത്രി 8.40ന് കോഴിക്കോട് എത്തേണ്ട വിമാനം രാത്രി 12 മണിയോടെയാണ് എത്തിയത്. വിമാനം വൈകുന്നത് വഴി പ്രയാസമുള്ള യാത്രക്കാർക്ക് ഒരാഴ്ചക്കിടെ സൗജന്യമായി ഫ്ലൈറ്റ് മാറ്റത്തിനും ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് രണ്ടു ടിക്കറ്റ് റദ്ദാക്കാനും അവസരം നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല