സ്വന്തം ലേഖകൻ: ഒമാനിലെ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷിതാക്കൾ മസ്കത്തിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങിന് നിവേദനം നൽകി. എംബസിയിലെ സെക്കൻഡ് സെക്രട്ടറിയും എജുക്കേഷൻ കൺസൽട്ടന്റുമായ ജയ്പാൽദത്തെ മുഖേനയാണ് ഡോ. സജി ഉതുപ്പാന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ അംബാസഡർക്ക് നിവേദനം സമർപ്പിച്ചത്.
ഇന്ത്യക്ക് പുറത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാത്തത് വിദ്യാർഥികളുടെ ഭാവിതന്നെ ഇല്ലാതാക്കുന്ന നടപടിയാണെന്നും പരീക്ഷ കേന്ദ്രം പുനഃസ്ഥാപിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രവാസികളിൽ അധികവും സാധാരണക്കാരാണ്. ദൈനംദിനച്ചെലവുകൾക്കൊപ്പം വളരെ പ്രയാസപ്പെട്ടാണ് മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നടത്തുന്നത്.
സെന്റർ ഒഴിവാക്കിയതോടെ വിദ്യാർഥികൾക്ക് ഇന്ത്യയിൽപോയി പരീക്ഷ എഴുതേണ്ട സ്ഥിതിയാണ്. വിമാനനിരക്കും മറ്റ് ചെലവുകളും ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണെന്നും രക്ഷിതാക്കൾ പറഞ്ഞു. കേന്ദ്രം ഇല്ലാത്തതിനാൽ പലരും ഈ വർഷം പരീക്ഷ എഴുതുന്നില്ലെന്ന തീരുമാനമെടുത്തവരുണ്ടെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.
അതേസമയം, ഈ വിഷയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെയും നാഷൽ ടെസ്റ്റിങ് ഏജൻസിയെയും അറിയിക്കുമെന്നും ഇതിനായുള്ള നടപടികൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും സെകൻഡ് സെക്രട്ടറി രക്ഷിതാക്കളെ അറിയിച്ചു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കളായ സിജു തോമസ്, ജയാനന്ദൻ, മനോജ്, നിയാസ് ചെണ്ടയാട്, ഫെബിൻ ജോസ് നിവേദന സംഘത്തിലുണ്ടായിരുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അലെങ്കിൽ കൂടുതൽ രക്ഷിതാക്കളെ ഉൾപ്പെടുത്തി രാഷ്ട്രീയ സമ്മർദ്ദമടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഡോ.സജി ഉതുപ്പാൻ പറഞ്ഞു. നീറ്റ് ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു.
ഇതോടൊപ്പം പ്രസിദ്ധീകരിച്ച പട്ടികയിലാണ് ആറ് ഗൾഫ് രാജ്യങ്ങളുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കേന്ദ്രങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. 21 ഇന്ത്യൻ സ്കൂളുകളുള്ള ഒമാനിൽനിന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളായി 400ലധികം വിദ്യാർഥികളായിരുന്നു പരീക്ഷ എഴുതിയിരുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നിരന്തര മുറവിളികൾക്ക് ഒടുവിൽ 2022ലാണ് ആദ്യമായി ഒമാനിൽ സെന്റർ അനുവദിക്കുന്നത്. കേന്ദ്രം അനുവദിച്ചത് നിരവധി കുട്ടികൾക്ക് ഏറെ ആശ്വാസമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല