സ്വന്തം ലേഖകൻ: റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനുമായ അലക്സി നവൽനി(48) അന്തരിച്ചു. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. ആർക്ടിക് പ്രിസൺ കോളനിയിലായിരുന്നു ജയിൽ വാസം. നടന്നുകൊണ്ടിരിക്കെ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും ജയിൽ വകുപ്പ് കുറിപ്പിലൂടെ അറിയിച്ചു. ഭാര്യ യുലിയ. രണ്ടു മക്കൾ.
1976 ജൂൺ 4ന് ജനിച്ച നവൽനി റഷ്യൻ പ്രതിപക്ഷത്തിന്റെ കരുത്തനായ നേതാവും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ മുഖ്യ രാഷ്‌ട്രീയ പ്രതിയോഗിയുമാണ്. 2021 ഫെബ്രുവരിയിൽ അറസ്റ്റിലായ അദ്ദേഹം വിവിധ കേസുകളുടെ പേരിൽ, മോസ്കോയിൽനിന്ന് 235 കിലോമീറ്റർ അകലെ മെലെഖോവിൽ തടവിൽ കഴിയുകയാണ്. അഴിമതിവിരുദ്ധപോരാട്ടത്തിലൂടെ റഷ്യയിൽ ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിച്ച അദ്ദേഹത്തെ ‘പുട്ടിൻ ഏറ്റവും ഭയക്കുന്ന ആൾ’ എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചത്.
അഭിഭാഷകനായിരുന്ന നവൽനി 2008 മുതലാണ് റഷ്യൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. തന്റെ ബ്ലോഗിലൂടെ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങിയ അലക്‌സി നവൽനി വളരെ പെട്ടെന്നു റഷ്യയിലെ പുട്ടിൻ വിരുദ്ധ രാഷ്‌ട്രീയ നീക്കങ്ങളുടെ കേന്ദ്രമായി. വലിയതോതിൽ കൃത്രിമം നടന്നുവെന്ന് ആരോപണമുയർന്ന 2011ലെ ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളിലും താരമായിരുന്നു. പുട്ടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിയെ കള്ളന്മാരുടെയും കാപട്യക്കാരുടെയും പാർട്ടിയെന്നു വിശേഷിപ്പിച്ച അദ്ദേഹം മോസ്‌കോ മേയർ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയുമായി.
2017ൽ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവിന്റെ അനധികൃത സമ്പാദ്യങ്ങൾ തുറന്നുകാട്ടുന്ന വിഡിയോ നവൽനി പുറത്തുവിട്ടതോടെ കത്തിപ്പടർന്ന അഴിമതിവിരുദ്ധ സമരത്തിൽ ആയിരക്കണക്കിനാളുകളാണ് അറസ്റ്റിലായത്. 2018 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുട്ടിനെതിരെ നവൽനി മത്സരിച്ചിരുന്നു. പുട്ടിൻ നടത്തുന്നതു കൃത്രിമ തിരഞ്ഞെടുപ്പാണെന്ന് ആരോപിച്ച് വോട്ടെടുപ്പു ബഹിഷ്കരിക്കണമെന്നാണു ആഹ്വാനം ചെയ്ത നവൽനിയെ അറസ്റ്റ് ചെയ്തത് ഏറെ പ്രതിഷേധം സൃഷ്ടിച്ചു.
വധശ്രമമടക്കമുളള വെല്ലുവിളികൾ നേരിട്ടായിരുന്നു നവൽനിയുടെ മുന്നേറ്റം. കിറോവിലെ സർക്കാർ വക തടി കമ്പനിയിൽനിന്ന് തടി മോഷ്‌ടിച്ചുവെന്നു കുറ്റം ചുമത്തി 2013ൽ അഞ്ചുവർഷം തടവ് വിധിച്ചു. കെട്ടിച്ചമച്ച കേസിൽ കുടുക്കുകയായിരുന്നുവെന്നു ആരോപണവുമായി റഷ്യയിലെ പ്രധാന നഗരങ്ങളിൽ ആയിരക്കണക്കിനു ജനങ്ങൾ തെരുവിലിറങ്ങിയതോടെ നവൽനിയെ താൽക്കാലികമായി മോചിപ്പിക്കണമെന്നു സർക്കാർതന്നെ കോടതിയോട് അഭ്യർഥിച്ചത് അസാധാരണ നടപടിയായിരുന്നു. പിന്നീട് കോടതി അദ്ദേഹത്തെ നിരുപാധികം മോചിപ്പിച്ചു.
സൈബീരിയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, 2020 ഓഗസ്റ്റ് 20ന് നവൽനി വിഷപ്രയോഗത്തിനിരയായി. സൈബീരിയയിലെ ടോംസ്ക് നഗരത്തിലെ വിമാനത്താവളത്തിൽ വച്ച് നവൽനി കുടിച്ച ചായയിൽ വിഷം കലർത്തിയിരുന്നെന്ന സംശയമാണ് അദ്ദേഹത്തിന്റെ അനുയായികൾ ഉന്നയിക്കുന്നത്. യാത്രയ്ക്കിടെ ബോധരഹിതനായി വീണ അദ്ദേഹത്തെ അടിയന്തര ലാൻഡിങ് നടത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ജർമനിയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം 2021 ജനുവരി 17നു റഷ്യയിൽ മടങ്ങിയെത്തിയെങ്കിലും അറസ്റ്റിലായി. മുൻ ജയിൽവാസകാലത്തു പരോൾ ചട്ടലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
പരോൾലംഘനത്തിനു മൂന്നരവർഷം തടവിനു ശിക്ഷിക്കപ്പെട്ടു. കോടതിക്കെതിരെ നടത്തിയ വിമർശനങ്ങളുടെ പേരിൽ കോടതിയലക്ഷ്യത്തിന്റെയും അഴിമതിവിരുദ്ധ പ്രവർത്തനത്തിനു ലഭിച്ച 47 ലക്ഷം ഡോളർ തട്ടിയെടുത്തെന്ന പേരിൽ അഴിമതിയുടേയും പേരുകളിൽ വിവിധ കേസുകൾ അദ്ദേഹത്തിന്റ പേരിൽ ചുമത്തിയിരുന്നു. 2022ൽ ഈ കേസുകളിൽ 9 വർഷം തടവിനു ശിക്ഷിച്ചു. 2023ൽ തീവ്രവാദപ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം നൽകിയെന്ന കേസിൽ 19 വർഷം കൂടി തടവ് വിധിച്ചു. ഇതിനിടെ, വിഡിയോ ലിങ്ക് വഴി റഷ്യൻ കോടതിയിൽ ഹാജരാക്കിയപ്പോൾ പുട്ടിന്റെ യുക്രെയ്ൻ ആക്രമണത്തെ നവൽനി രൂക്ഷമായി വിമർശിച്ചിരുന്നു.
ജയിലിൽ കടുത്ത പുറംവേദനയും വലതുകാലിന്റെ മരവിപ്പും കാരണം വിഷമിക്കുകയായിരുന്ന നവൽനി ചികിത്സാസൗകര്യം ആവശ്യപ്പെട്ട് ജയിലിൽ നിരാഹാരം അനുഷ്ഠിച്ചിരുന്നു .നവൽനിയുടെ മോചനത്തിനായി റഷ്യയിലെങ്ങും റാലികൾ നടന്നിരുന്നു. നവൽനിക്ക് ഉടൻ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരും കലാകാരന്മാരും ഹോളിവുഡ് താരങ്ങളും ഉൾപ്പെടെ പ്രമുഖർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് തുറന്ന കത്തും എഴുതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല