സ്വന്തം ലേഖകൻ: ഇന്ത്യൻ സവാള കിട്ടാനില്ലാത്തതിനാൽ പ്രവാസികൾ വലയുന്നു. ഇന്ത്യയിൽ നിന്നുള്ളത് മാത്രമല്ല പാകിസ്ഥാനിലെ ഉള്ളി പോലും കിട്ടുന്നില്ലെന്നാണ് പ്രവാസികൾ പരാതി പറയുന്നത്. ആകെ ലഭ്യമാകുന്നത് തുർക്കിയിൽ നിന്നുള്ള ഉള്ളിയാണ്. ഇതിനോട് പക്ഷേ മലയാളികൾക്ക് മമത പോര. രുചിവ്യത്യാസവും ഉയർന്നവിലയുമാണ് ഈ അതൃപ്തിക്ക് കാരണം.
നിലവിൽ സവാളയ്ക്ക് 6 – 12 ദിർഹമാണ് വില, അതായത് 135 – 270 രൂപ. നേരത്തെ രണ്ട് രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന സവാളയ്ക്കാണ് ഇപ്പോൾ തീവില ആയിരിക്കുന്നത്. ഇന്ത്യൻ സവാള കിട്ടാനില്ലാത്തതിനാൽ കേരള റെസ്റ്റോറന്റുകളും പ്രതിസന്ധിയിലാണ്. വിഭവങ്ങൾക്ക് രുചിയില്ലെന്നാണ് കസ്റ്റമേഴ്സിന്റെ പരാതി. സവാള ഇല്ലെന്ന മറുപടി പറഞ്ഞ് മടുത്തെന്നാണ് റസ്റ്റോറന്റ് ഉടമകൾ പറയുന്നത്. ആഗോളതലത്തിൽ ഉള്ളിവില ഉയർന്നതാണ് ദുബായിലും വില ഉയരാൻ കാരണം.
ഇറാൻ, തുർക്കി സവാളയ്ക്ക് വില കൂടുതലായതിനാൽ തുർക്ക്മെനിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ളി എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ സവാളയുടെ കയറ്റുമതിക്ക് നിയന്ത്രണമുള്ളതിനാൽ ബദൽ മാർഗങ്ങൾ തേടാതെ വഴിയില്ലെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല