1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2024

സ്വന്തം ലേഖകൻ: ഈ വര്‍ഷം റമദാന്‍ ഒന്ന് മാര്‍ച്ച് 11ന് തിങ്കളാഴ്ചയായിരിക്കുമെന്നും ഗോളശാസ്ത്ര പ്രവചനങ്ങള്‍. ഇത്തവണ ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാനുഷ്ഠാന സമയ ദൈര്‍ഘ്യം 13 മണിക്കൂറും ഏതാനും മിനിറ്റുകളുമായിരിക്കും. റദമാന്‍ മാസത്തില്‍ ഇത്തവണ 30 ദിവസമുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.

ഏപ്രില്‍ ഒമ്പതിന് ചൊവ്വാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി ഏപ്രില്‍ 10 ബുധനാഴ്ചയാകും ചെറിയ പെരുന്നാള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, ലെബനോന്‍, ഫലസ്തീന്‍, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ റമദാന്റെ തുടക്കത്തില്‍ വ്രതാനുഷ്ഠാന സമയ ദൈര്‍ഘ്യം 13 മണിക്കൂറില്‍ അല്‍പം കൂടുതലായിരിക്കും. രാജ്യങ്ങളുടെ വ്യത്യാസത്തിനനുസരിച്ച് വ്രതാനുഷ്ഠാന സമയത്തില്‍ ഏതാനും മിനിറ്റുകളുടെ മാറ്റമുണ്ടാവും.

വ്രതാനുഷ്ഠാന സമയം അറബ് ലോകത്ത് ഈ വര്‍ഷം ഏറ്റവും കുറവ് കോമറോസിലെ മൊറോനിയിലാകും. ഇവിടെയുള്ളവര്‍ 13 മണിക്കൂറും നാലു മിനിറ്റും വ്രതാനുഷ്ഠിച്ചാല്‍ മതിയാവും. ദൈര്‍ഘ്യം കൂടുതല്‍ മൊറോക്കൊയിലെ റബാത്തിലാകും. ഇവിടെ വ്രതാനുഷ്ഠാനം 14 മണിക്കൂറും 23 മിനിറ്റുമായിരിക്കും.

അതേസമയം, റമദാന്‍ മാസത്തിലെ രാജ്യത്തെ ധന ഇടപാട് സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം സൗദി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ബാങ്കുകളുടെയും ബാങ്കുകള്‍ക്കു കീഴിലെ റെമിറ്റന്‍സ് സെന്ററുകളുടെയും പെയ്മെന്റ് കമ്പനികളുടെയും മണി എക്സ്ചേഞ്ചുകളുടെയും പ്രവൃത്തി സമയമാണ് പുനക്രമീകരിച്ചത്. ചെറിയ പെരുന്നാള്‍, വലിയ പെരുന്നാള്‍ അവധിദിനങ്ങളും നിശ്ചയിച്ചു.

റമദാനില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെയാകും ബാങ്കുകളുടെ പ്രവൃത്തി സമയം. മണി റെമിറ്റന്‍സ് സെന്ററുകളുടെയും പെയ്മെന്റ് കമ്പനികളുടെയും പ്രവൃത്തി സമയം ദിവസേന രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ്. ഈ സമയക്രത്തിനുള്ളിലെ ആറു മണിക്കൂറില്‍ പ്രവര്‍ത്തനം ക്രമപ്പെടുത്താം.

ബാങ്കുകളുടെ ചെറിയ പെരുന്നാള്‍ അവധി റമദാന്‍ 26 മുതല്‍ ശവ്വാല്‍ നാല് വരെയാണ്. ഇതുപ്രകാരം ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ 13 വരെ അവധിയായിരിക്കും. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരമാണ് അവധിദിനങ്ങള്‍ കണക്കാക്കുന്നത്.

ബലിപെരുന്നാള്‍ അവധി ദുല്‍ഹജ്ജ് എട്ട് (ജൂണ്‍ 14) മുതല്‍ ആരംഭിക്കും. ദുല്‍ഹജ് 16 (ജൂണ്‍ 23) ഞായറാഴ്ച ബാങ്കുകള്‍ വീണ്ടും തുറക്കും. ഹജ്ജ് സിറ്റികളിലും പുണ്യസ്ഥലങ്ങളിലും മക്കയിലും മദീനയിലും അതിര്‍ത്തി പ്രവേശന കവാടങ്ങളിലും ഹജ്, ഉംറ തീര്‍ഥാടകരുടെ സേവനത്തിന് ബാങ്ക്, മണി എക്സ്ചേഞ്ച്, പെയ്മെന്റ് കമ്പനി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കണം. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ബാങ്കുകളും മണി എക്സ്ചേഞ്ചുകളും മണി റെമിറ്റന്‍സ് സെന്ററുകളും പെയ്മെന്റ് കമ്പനികളും ഏതാനും ശാഖകള്‍ തുറക്കണമെന്നും നിര്‍ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.