സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതോടെ വാരാന്ത്യ അവധികള്‍ ഉള്‍പ്പെട മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ഫെബ്രുവരി 25 ഞായറാഴ്ച എല്ലാ മേഖലകളും പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും.
1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമദിനമായാണ് എല്ലാവർഷവും ഈ ദിനം ആചരിക്കുന്നത്. ഫെബ്രുവരി 22ന് രാജ്യം ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. സൈനിക പരേഡുകൾ, ആർട്ട് എക്സിബിഷനുകൾ, കമ്മ്യൂണിറ്റി മത്സരങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തിൻ്റെ സംസ്കാരവും ചരിത്രവും പ്രദർശിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് ദിനം ആഘോഷിക്കുന്നത്. കായിക, സംഗീത പരിപാടികൾ ആഘോഷങ്ങൾക്ക് കൂടുതൽ ഭംഗി നൽകും.
സ്ഥാപകദിനത്തോടനനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ ആഘോഷപരിപാടികൾ ആസൂത്രണം ചെയ്ത് സൗദി സാംസ്കാരിക മന്ത്രാലയം. ഫെബ്രുവരി 21 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ സാംസ്കാരികവും ചരിത്രപരവുമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്.
സാംസ്കാരിക മന്ത്രാലയത്തിൻ ആഭിമുഖ്യത്തിൽ സൗദിയുടെ വിവിധ നഗരങ്ങളിൽ വൈവിധ്യമാർന്ന സാംസ്കാരികവിരുന്ന് അവതരിപ്പിക്കും. സ്ഥാപക രാത്രികൾ എന്നപേരിൽ നടത്തുന്ന പരിപാടിയാണ് പ്രധാന ആകർഷണം. ഫെബ്രുവരി 21, 22 തീയതികളിൽ റിയാദിലെ ബൊളിവാർഡ് സിറ്റിയിലെ അബൂബക്കർ സാലം സ്റ്റേജിൽ ഒരുക്കുന്ന സായാഹ്ന പരിപാടി കവിതയുടെയും സംഗീതത്തിന്റെയും ഗൃഹാതുരമായ യാത്രയാണ് സമ്മാനിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല