1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2024

സ്വന്തം ലേഖകൻ: ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവും സര്‍ക്കാരിന് മുന്നില്‍ ഇവര്‍ വെച്ചിട്ടുള്ള ആവശ്യങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഏതാനും മാസങ്ങളായി ചര്‍ച്ചാ വിഷയമാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് തീരുവയില്‍ ഇളവ് നല്‍കണമെന്നായിരുന്നു ടെസ്‌ല കേന്ദ്ര സര്‍ക്കാരിനോട് പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. ആദ്യഘട്ടത്തില്‍ ഈ ആവശ്യം എതിര്‍ത്തിരുന്നെങ്കിലും ഒടുവില്‍ ടെസ്‌ലയ്ക്ക് വഴങ്ങിയെന്നാണ് സൂചന.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 30 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള (36,000 ഡോളര്‍) ഇലക്രിക് കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇന്ത്യയില്‍ ഇലക്ട്രിക് വാഹന പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നിക്ഷേപത്തിന് സമാനമായ തുക ബാങ്ക് ഗ്യാരന്റിയായി വാങ്ങിയാണ് ഈ നീക്കമെന്നാണ് സൂചനകള്‍. സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തോടെ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവിന് വേഗമേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ ഇറക്കുമതി തീരുവ നയം അനുസരിച്ച് വിലയും ഇന്‍ഷുറന്‍സും ചരക്കുനീക്കവും ഉള്‍പ്പെടെ 40,000 ഡോളറിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവയും ഇതില്‍ താഴെ വിലയുള്ള വാഹനങ്ങള്‍ക്ക് 60 ശതമാനം തീരുവയുമാണ് ഈടാക്കുന്നത്. എന്നാല്‍, ടെസ്‌ല ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തീരുവ 15 ശതമാനമായി കുറയ്ക്കുകയാണെങ്കില്‍ രണ്ട് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ടെസ്‌ല സംന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.

ഇന്ത്യയിലേക്ക് വിദേശ വാഹന നിര്‍മാതാക്കള്‍ എത്തുന്നതിലൂടെ രാജ്യത്തെ വാഹന വിപണി കരുത്താര്‍ജിക്കുമെന്നും ഇതുവഴി നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഇതിനുപുറമെ, വാഹനങ്ങള്‍ പ്രദേശികമായി നിര്‍മിക്കാന്‍ ആരംഭിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ ഇളവ് നല്‍കിയാല്‍ നിക്ഷേപം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വാഹന നിര്‍മാണം ആരംഭിക്കുമെന്ന വ്യവസ്ഥയില്‍ ഇന്ത്യയിലേക്ക് ടെസ്ലയുടെ വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ 2024-ല്‍ തന്നെ ടെസ്ലയുടെ വാഹനങ്ങള്‍ എത്തിയേക്കുമെന്നുമായിരുന്നു സൂചനകള്‍,. ടെസ്ലയുടെ പ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുവയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച തീരുമാനം സ്വീകരിച്ചതെന്നും മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

2021-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് ടെസ്ല ഉപാധികള്‍ മുന്നോട്ട് വെച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇളവുകള്‍ ഒരുക്കുന്നത് പോലും സര്‍ക്കാര്‍ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍, ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഇതേതുര്‍ന്ന് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും ഇന്ത്യയില്‍ വാഹനം നിര്‍മിക്കാന്‍ ടെസ്ലയെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ടെസ്ലയുടെ ഇന്ത്യാ പ്രവേശനം വീണ്ടും നീളുകയായിരുന്നു.

ഗുജറാത്തിലായിരിക്കും ടെസ്ലയുടെ പ്ലാന്റ് നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തുറമുഖത്തിന്റെ സാന്നിധ്യം പരിഗണിച്ചാണ് ടെസ്ലയുടെ വാഹന നിര്‍മാണശാല ഗുജറാത്തില്‍ ഒരുക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ വാഹനങ്ങള്‍ അസംബിള്‍ ചെയ്യാനുള്ള പദ്ധതികളുമായാണ് ടെസ്ലയുടെ വരവ്. ഉയര്‍ന്ന ഇറക്കുമതി തീരുവയെ തുടര്‍ന്ന് വാഹനം പൂര്‍ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പദ്ധതി ടെസ്ല ഉപേക്ഷിച്ചെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.