സ്വന്തം ലേഖകൻ: റൂം വാടക കൊടുക്കുന്നത് ഒഴിവാക്കാനായി ആഴ്ചയില്‍ രണ്ടു തവണ വിമാനയാത്ര നടത്തുന്ന വിദ്യാര്‍ത്ഥി സോഷ്യല്‍മീഡിയയില്‍ വൈറലായി. ബ്രിട്ടീഷ് കൊളംബിയ വിദ്യാര്‍ത്ഥിയായ ടിം ചെന്‍ ആണ് തലക്കെട്ടുകളില്‍ ഇടംപിടിച്ചത്. വാന്‍കൂവറില്‍ റൂം വാടക നല്കുന്നതിനേക്കാള് ലാഭം ആഴ്ചയില്‍ രണ്ടുതവണയുള്ള വിമാനയാത്രയാണെന്നാണ് കാനഡ കല്‍ഗാറി സ്വദേശിയായ ടിം ചെന്‍ പറയുന്നത്.
1,74,358 രൂപയാണ് തനിയ്ക്ക് റൂം വാടകയ്ക്കായി നല്‍കേണ്ടി വരുന്നത്. എന്നാല്‍ വിമാനയാത്രയ്ക്ക് ഒരു മാസം 99,631 രൂപയേ വരുന്നുള്ളൂവെന്നും ടിം പറയുന്നു. റെഡിറ്റിലൂടെയാണ് ടിം തന്റെ അനുഭവം പങ്കുവെച്ചത്.ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ടിം ഇപ്പോള്‍ ക്ലാസില്‍ പോകുന്നത്.
ടിമ്മിന്റെ പോസ്റ്റിനു താഴെ യോജിച്ചും വിയോജിച്ചും മറുപടികള്‍ വരുന്നുണ്ട്. ടിമ്മിന്റേത് മികച്ച തീരുമാനമെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ വിമാനയാത്ര സമയംകൊല്ലിയും തിരക്കേറിയതുമാണെന്നും പറയുന്നുണ്ട്.
ഒരു മണിക്കൂർ യാത്ര പ്രശ്നമല്ലെങ്കിലും എയർപോർട്ടിൽ ഹാജരാകേണ്ടി വരുന്ന സമയം അല്പം ബുദ്ധിമുട്ടേറിയതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അതുപോലെ ഒരു ഫ്ലൈറ്റ് നഷ്ടപ്പെടുന്നത് എല്ലാത്തിലും വലിയ തലവേദനയായിരിക്കുമെന്നും ചിലര്‍ ഓര്‍മപ്പെടുത്തുന്നു. ആധുനിക കാലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത്യാധുനിക മാര്‍ഗങ്ങള്‍ വേണമെന്നും മറ്റു ചില അഭിപ്രായങ്ങളും ഉയരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല