സ്വന്തം ലേഖകൻ: ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി (എക്സ്പ്രസ് ലൈറ്റ് ഫെയർ) എയർ ഇന്ത്യാ എക്സ്പ്രസ്. ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. സീസൺ അനുസരിച്ച് സാധാരണ ടിക്കറ്റ് തുകയിൽ നിന്ന് 10 ദിർഹം (225 രൂപ) മുതൽ 60 ദിർഹത്തിന്റെ (1355 രൂപ) വരെ ഇളവാണ് ലഭിക്കുക. ഇതിനു പുറമെ സൗജന്യ ഹാൻഡ് ബാഗേജ് അലവൻസ് ഏഴിനു പകരം 10 കിലോ അനുവദിക്കും.
ലഗേജ് ഇല്ലാതെ വരുന്ന യാത്രക്കാർക്ക് നീണ്ട ക്യൂവിൽ നിൽക്കാതെ എക്സ്പ്രസ് കൗണ്ടറിലൂടെ വേഗത്തിൽ ചെക്–ഇൻ നടപടികൾ പൂർത്തിയാക്കാം. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും (ഫീസ് നൽകണം) സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ നിന്ന് 16 സെക്ടറുകളിലേക്കായി എക്സ്പ്രസ് ആഴ്ചയിൽ 195 വിമാന സർവീസ് നടത്തിവരുന്നു. ഇതിൽ 80 സർവീസും ദുബായിലേക്കാണ്. ഷാർജ 77, അബുദാബി 31, റാസൽഖൈമ 5, അൽഐൻ 2 എന്നിങ്ങനെയാണ് സർവീസുകൾ. ജിസിസി രാജ്യങ്ങളിലേക്ക് എയർലൈന് ആഴ്ചയിൽ മൊത്തം 308 സർവീസുണ്ട്. ഗൾഫിൽനിന്ന് വിവിധ സെക്ടറുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല