സ്വന്തം ലേഖകൻ: മിച്ചം വന്ന സാന്ഡ്വിച്ച് കഴിച്ചതിന് ശുചീകരണ തൊഴിലാളിയെ പുറത്താക്കി നിയമ സ്ഥാപനം. ഗബ്രിയേല റോഡ്രിഗസ് എന്ന സ്ത്രീയ്ക്കെതിരെയാണ് ലണ്ടനിലെ ഡെവൺഷെയേഴ്സ് സോളിസിറ്റേഴ്സ് എന്ന നിയമ സ്ഥാപനത്തിന്റെ നടപടി.
2023 ഡിസംബറിലാണ് സംഭവം. അഭിഭാഷകരുടെ യോഗത്തിന് ശേഷം ബാക്കിവന്ന 1.50 യൂറോ (ഏകദേശം 134 രൂപ) വിലയുള്ള സാൻഡ്വിച്ച് ഗബ്രിയേല റോഡ്രിഗസ് കഴിച്ചതാണ് നടപടിക്ക് കാരണം. അനുവാദമില്ലാതെ സാന്‍വിച്ച് കൈക്കലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കമ്പനിയുടെ നടപടിക്കെതിരെ കുടിയേറ്റ തൊഴിലാളികളുടെ സംഘടനയായ യുണൈറ്റഡ് വോയ്സ് ഓഫ് ദി വേൾഡ് യൂണിയൻ രംഗത്തുവന്നിട്ടുണ്ട്.
ലാറ്റിനമേരിക്കന്‍ യുവതിയായതുകൊണ്ട് മാത്രം നേരിടേണ്ടി വരുന്ന വിവേചനമാണ് ഇതെന്നും സംഘടന വ്യക്തമാക്കി.നിസാര കാര്യങ്ങളുടെ പേരിൽ ശുചീകരണത്തൊഴിലാളികളെ പിരിച്ചുവിടുന്ന പതിവ് രാജ്യത്തുടനീളം വ്യാപിക്കുന്നുവെന്നും ഇതിനെതിരെ പ്രതിഷേധിക്കുമെന്നും സംഘടന പ്രതികരിച്ചു.
സംഭവം വിവാദമായതോടെ ഫെബ്രുവരി 14 ന് നിരവധി യൂണിയൻ തൊഴിലാളികൾ നൂറോളം ട്യൂണ ക്യാനുകളും മുന്നൂറോളം സാന്‍വിച്ചുകളുമായി നിയമ സ്ഥാപനത്തിന്റെ പുറത്ത് പ്രതിഷേധിച്ചു.
അഭിഭാഷകരുടെ യോഗത്തിന് ശേഷം സാന്‍വിച്ചുകള്‍ ബാക്കിവരാറുണ്ടെന്നും സാധാരണ ദിവസങ്ങളിൽ അവ ഉച്ചഭക്ഷണത്തിനായി എടുക്കുന്നത് പതിവ് രീതിയാണെന്നും റോഡ്രിഗസ് പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ ശമ്പളം പോലും നല്‍കാതെ തന്നെ പുറത്താക്കിയെന്നും അവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല