1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2024

സ്വന്തം ലേഖകൻ: നാല് നിബന്ധനകൾ പൂർത്തിയാക്കുന്നവർക്ക് യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷ കാലാവധിയുള്ള ഗ്രീൻ വീസ ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) അറിയിപ്പ് അനുസരിച്ച് സംരംഭകർ, ഫ്രീലാൻസർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കെല്ലാം അപേക്ഷിക്കാം. നിലവിൽ വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകും.

ഗ്രീൻ വീസാ ഉടമകളുടെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് തുല്യകാലയളവിലേക്കു വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാൽ പുതുക്കാൻ 30 ദിവസത്തെ സാവകാശം ലഭിക്കും. സാവകാശം നൽകിയിട്ടും പുതുക്കാതെ യുഎഇയിൽ തങ്ങുന്നവർക്ക് ആദ്യ ദിവസം 125 ദിർഹമും തുടർന്നുള്ള ഓരോ ദിവസത്തിനും 25 ദിർഹം വീതവും പിഴ ചുമത്തും. അനധികൃത താമസം 6 മാസത്തിൽ കൂടിയാൽ പ്രതിദിനം 50 ദിർഹമും ഒരു വർഷത്തിൽ കൂടിയാൽ 100 ദിർഹമും ആയിരിക്കും പിഴ.

നിക്ഷേപകർ/ബിസിനസ് പങ്കാളികൾ, ഫ്രീലാൻസർ/ സ്വയം സംരംഭകർ, അതിവിദഗ്ധർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷത്തേക്ക് യുഎഇയിൽ തങ്ങി ജോലിയും ബിസിനസും ചെയ്യാം. കമ്പനി ഡയറക്ടർമാർ, എക്സിക്യൂട്ടീവുകൾ, എൻജിനീയർമാർ, ശാസ്ത്ര, സാങ്കേതിക, മാനുഷിക മേഖലകളിലെ പ്രഫഷനലുകൾ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം.

ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സാംസ്കാരികം, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളിൽ 9 വിഭാഗങ്ങളിലെ അതി വിദഗ്ധർക്കും ഗ്രീൻ വീസ ലഭിക്കും.
വിദേശ കമ്പനിയുടെ പേരിലാണ് യുഎഇയിൽ നിക്ഷേപിക്കുന്നതെങ്കിൽ വാണിജ്യ കമ്പനി നിയമം അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കണം. പബ്ലിക് ഷെയർ ഹോൾഡിങ് കമ്പനി, പ്രൈവറ്റ് ജോയിന്റ് സ്റ്റോക്ക് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി കമ്പനി എന്നിവയിൽ ഒന്നായി റജിസ്റ്റർ ചെയ്യണം.

പങ്കാളിത്ത ബിസിനസ് ആണെങ്കിൽ 10 ലക്ഷം ദിർഹത്തിൽ കുറയാത്ത തുക നിക്ഷേപിക്കണം. പുതിയതും പഴയതുമായ കമ്പനിയിൽ നിക്ഷേപിക്കുകയാണെങ്കിലും 10 ലക്ഷം ദിർഹം മൂലധനം ഉണ്ടാകണം. സമാന മാനദണ്ഡം പാലിക്കാത്തവരുടെ ഗ്രീൻ വീസ പുതുക്കില്ല. പകരം 2 വർഷത്തെ സാധാരണ വീസയാക്കി മാറ്റും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.