സ്വന്തം ലേഖകൻ: ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം. ഓൺലൈൻ പേയ്മെന്റ് ആപ്പുകളിൽ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നിൽക്കുന്ന ആപ്പ് എന്നതാണ് ഗൂഗിൾ പേയുടെ പ്രത്യേകത. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ല.
അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്കുള്ള നിർദ്ദേശം. അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം. ജൂൺ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽ തന്നെ സേവനം തുടരും.
ഗൂഗിള്‍ പേ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ ജൂണിലെ സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് ഗൂഗിള്‍ വാലെറ്റിലേക്ക് മാറണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം ഗൂഗിള്‍ പേയുടെ വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുവാനും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയക്കാനും സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല