1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2024

സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യ. കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരേ ചുമത്തിയ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കിയതിനെതിരേയാണ് ഇന്ത്യയുടെ ഇടപെടല്‍. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

അമേരിക്കയിലെ സിയാറ്റയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജാന്‍വി കണ്ടുല(23)യുടെ മരണത്തിലാണ് പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് അനൂകൂലമായ തീരുമാനമുണ്ടായത്. മതിയായ തെളിവുകളില്ലാത്തതിനാല്‍ കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനാകില്ലെന്നായിരുന്നു കിങ് കൗണ്ടി പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ട്. ഇതിനെതിരേ ജാന്‍വിയുടെ കുടുംബം ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ഥിനിക്ക് നീതി ഉറപ്പാക്കാനായി പ്രവര്‍ത്തിക്കുമെന്ന് സിയാറ്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചത്.

പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ കുടുംബവുമായി കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജാന്‍വിക്കും കുടുംബത്തിനും നീതി ഉറപ്പാക്കാനായി ഇനിയും പിന്തുണ നല്‍കും. സംഭവത്തില്‍ സിയാറ്റ പോലീസ് ഉള്‍പ്പെടെയുള്ള പ്രാദേശിക ഏജന്‍സികളോട് വിഷയം ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ കേസ് സിയാറ്റയിലെ സിറ്റി അറ്റോര്‍ണിയുടെ പരിഗണനയിലാണ്. സംഭവത്തില്‍ സിയാറ്റ പോലീസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലെ അന്വേഷണം പൂര്‍ത്തിയാകാനായി കാത്തിരിക്കുകയാണെന്നും കോണ്‍സുലേറ്റ് ട്വിറ്ററില്‍ അറിയിച്ചു.

2023 ജനുവരി അഞ്ചാം തീയതിയാണ് സിയാറ്റയില്‍ പോലീസ് വാഹനമിടിച്ച് ജാന്‍വി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥന്‍ കെവിന്‍ ഡേവിനെതിരേ കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ മരിച്ച വിദ്യാര്‍ഥിനിയെ പോലീസ് ഉദ്യോഗസ്ഥര്‍ ഇകഴ്ത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.