സ്വന്തം ലേഖകൻ: വംശീയ വിവേചനം പരസ്യമായി പ്രകടിപ്പിക്കുന്ന രീതിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് ക്ഷമാപണം നടത്താന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ലീ ആന്‍ഡെഴ്സന്‍ തയ്യാറാകാതായതോടെ അദ്ദെഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണ് എന്ന ആന്‍ഡേഴ്സന്റെ പ്രസ്താവനയാണ് ഏറെ വിവദമായത്. ഇതുമായി ബന്ധപ്പെട്ട് ക്ഷമാപണം നടത്താന്‍ മുന്‍ ഡെപ്യുട്ടി ലീഡര്‍ കൂടിയായ ആന്‍ഡേഴ്സന്‍ തയ്യാറാകാത്തതിനാലാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതെന്ന് പാര്‍ട്ടി ചീഫ് വിപ്പ് സൈമണ്‍ ഹാര്‍ട്ട് അറിയിച്ചു.
പ്രസ്താവന പുറത്തു വന്ന നിമിഷം മുതല്‍ തന്നെ ആന്‍ഡേഴ്സനെതിരെ നടപടി എടുക്കുവാന്‍ ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദം ഏറുകയായിരുന്നു. കുറ്റകരമായ മൗനാമാണ് പ്രധാന മന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് സാദിഖ് ഖാനും വിമര്‍ശിച്ചിരുന്നു. ചില കണ്‍സര്‍വേറ്റീവ് സ്രോതസ്സുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആന്‍ഡേഴ്സന് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തെത്തിയെങ്കിലും, അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മുസ്ലീം വിരുദ്ധതയുടെ എരിതീയിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുകയാണ് ആന്‍ഡേഴ്സന്‍ എന്ന് സാദിഖ് ഖാന്‍ പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടികളുടെ പ്രഖ്യാപനം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ടോറി പാര്‍ട്ടിയുടെ മുന്‍ ഡെപ്യുട്ടി ചെയര്‍മാന്‍ കൂടിയായ ആഷ്ഫീല്‍ഡ് എം പി, ജി ബി ന്യുസില്‍ വിവാദമായ പരാമര്‍ശം നടത്തിയത്. ലണ്ടനിലെ ആദ്യ മുസ്ലീം മെയര്‍ ആയ സാദിഖ് ഖാന്‍ ഇസ്ലാമിസ്റ്റുകളുടെ പിടിയിലാണെന്നും ബ്രിട്ടീഷ് തലസ്ഥാനത്തെ തന്റെ കൂട്ടാളികള്‍ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു ആന്‍ഡേഴ്സന്‍ പറഞ്ഞത്. രാജ്യം ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും, എന്നാല്‍, സാദിഖ് ഖാനും ലണ്ടന്‍ നഗര്‍വും അവരുടെ നിയന്ത്രണത്തിൽ ആണെന്നുമായിരുന്നുപരാമര്‍ശം. സാവധാനം കിയര്‍ സ്റ്റാര്‍മറും ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തില്‍ വരുന്നെന്നും അദ്ദേഹം പറഞ്ഞു.
ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിയാല്‍ നമ്മുടെ നഗരങ്ങള്‍ പലതും തീവ്രവാദികളുടെ നിയന്ത്രണത്തിലാകുമെന്നും ആന്‍ഡേഴ്സന്‍ പറഞ്ഞിരുന്നു. അതേസമയം, മുസ്ലീം വിരുദ്ധ ചിന്തകള്‍ക്ക് ശക്തി പകരുന്നതാണ് എം പി യുടെ പരാമര്‍ശമെന്ന് സ്‌കൈ ന്യുസിനോട് സംസാരിക്കവെ സാദിഖ് ഖാന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് മാസാങ്ങ്ളായി മുസ്ലീം വിരുദ്ധത വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും മന്ത്രിമാരും കുറ്റകരമായ അനാസ്ഥ പുലര്‍ത്തുന്നു.
യഹൂദ വിരുദ്ധതയും, സ്ത്രീ വിരുദ്ധതയും എതിര്‍ക്കപ്പെടേണ്ടതുപോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് മുസ്ലീം വിരുദ്ധതയും എന്നും സാദിഖ് ഖാന്‍ പറഞ്ഞു. ചീഫ് വിപ്പിനെയും പ്രധാനമന്ത്രിയെയും തന്റെ പ്രസ്താവന വഴി അത്യന്തം ക്ലേശകരമായ ഒരു സാഹചര്യത്തില്‍ എത്തിച്ചതായി ചീഫ് വിപ്പിന്റെ ഫോണ്‍ സന്ദേശത്തില്‍ മനസ്സിലായി എന്നായിരുന്നു സസ്പെന്‍ഷനെ കുറിച്ചുള്ള ആന്‍ഡേഴ്സന്റെ പ്രതികരണം. താന്‍ ആ തീരുമാനം സ്വീകരിക്കുന്നതായും എന്നാല്‍, തീവ്രവാദം തുടച്ചു നീക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല