1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2024

സ്വന്തം ലേഖകൻ: ആഗോളാടിസ്ഥാനത്തില്‍ തന്നെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ജീവനക്കാരുടെ പ്രത്യേകിച്ച് നഴ്സുമാരുടെ കുറവ് അതിരൂക്ഷമാവുകയാണ്. ഇംഗ്ലണ്ടിലെ എന്‍ എച്ച് എസ്സില്‍ മാത്രം ഏതാണ്ട് 42,000 ഓളം ഒഴിവുകള്‍ നികത്താതെയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കുന്ന ടെസ്റ്റില്‍ ഉള്‍പ്പടെ ഇളവുകള്‍ വരുത്തി കൂടുതല്‍ വിദേശ നഴ്സുമാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. ആസ്ട്രേലിയയും ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി ഇറങ്ങിയിരുന്നു. ഇപ്പോള്‍ പുറത്തു വരുന്നത് സിംഗപ്പൂരിലെ നഴ്സുമാര്‍ക്ക് കോളടിച്ച റിപ്പോര്‍ട്ടാണ്.

സിംഗപ്പൂര്‍ എന്നത് ഒരു നഗര രാജ്യമാണ്. അതിവേഗം പ്രായമേറി വരികയാണ് ഈ കൊച്ചു രാജ്യത്തിനിനെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആയുസ്സ് വര്‍ദ്ധിക്കുകയും, ജനന നിരക്ക് കുറയുകയും ചെയ്തതോടെ ജനങ്ങളുടെ ശരാശരി പ്രായം ഉയരുന്നു. വൃദ്ധരായവരെ പരിപാലിക്കുന്നതിനും, ശുശ്രൂഷിക്കുന്നതിനും ആളുകളുടെ ക്ഷാമം നേരിട്ടതോടെ ആകര്‍ഷകമായ ബോണസുമായി എത്തിയിരിക്കുകയാണ് സിംഗപ്പൂര്‍.

ഒരു ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ വരെ ആരോഗ്യ മേഖലയിലെ നഴ്സുമാര്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ നഗര രാഷ്-ട്രം. രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷമായി ജോലി ചെയ്യുന്ന വിദേശ നഴ്സുമാര്‍ ഉള്‍പ്പടെ 29,000 പേര്‍ക്ക് ഇതിനുള്ള അര്‍ഹതയുണ്ടായിരിക്കുമെന്നാണ് ആരോഗ്യമന്ത്രി ഓംഗ് യെ കുംഗ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും നഴ്സുമാരെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധിയാണ് രാജ്യത്ത് നഴ്സിംഗ് മേഖലയിലെ വിദഗ്ധരുടെ ക്ഷാമത്തിന് ഇടയാക്കിയതെന്ന് ഓംഗ് പറഞ്ഞു. സാധാരണയിലുമധികം വിദേശ നഴ്സുമാരാണ് അന്ന് രാജ്യം വിട്ടു പോയത്. മലേഷ്യ, ഫിലിപ്പൈന്‍സ്, മ്യാന്മാര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നാണ് ഇവിടേക്ക് നഴ്സുമാര്‍ കൂടുതലായി എത്തുന്നത്.

ഓംഗിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ച്, അടുത്ത 20 വര്‍ഷത്തേക്ക്, അല്ലെങ്കില്‍ വിരമിക്കല്‍ പ്രായം വരെ (ഏതാണോ അദ്യം വരുന്നത് അതുവരെ) നഴ്സുമാര്‍ക്ക് 1 ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ (74,500 അമേരിക്കന്‍ ഡോളര്‍) ലഭിക്കും.കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഒരു സൈന്‍ ഓണ്‍ ബോണസ് പ്രഖ്യാപിച്ചിരുന്നു. പബ്ലിക് ഹോസ്പിറ്റലുകളിലോ ക്ലിനിക്കുകളിലോ പുതിയതായി ജോലിക്ക് കയറുന്ന നഴ്സിംഗ് ഗ്രാഡുവേറ്റുകള്‍ക്കാണ് 15,000 സിംഗപ്പൂര്‍ ഡോളറിന്റെ ഈ ഇന്‍സെന്റീവ് ലഭിക്കുക.

2013- 2023 നും ഇടയില്‍ പുതിയതായി നഴ്സുമാരെ നിയമിക്കുന്നത് 30 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഓംഗ് പറഞ്ഞു. ജനന നിരക്ക് കുറയുകയും, കുട്ടികളുടെ എണ്ണം കുറയുകയും, അതേസമയം ശരാശരി ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇനിയും നഴ്സുമാരെ നിയമിക്കേണ്ടതുണ്ടെന്ന് ആരോഗ്യ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു പല ഏഷ്യന്‍ രാജ്യങ്ങളെയും പോലെ പ്രായാധിക്യമുള്ള ജനസംഖ്യ സിംഗപ്പൂരിനും പ്രശ്നമാവുകയാണ്.

സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2030 ആകുമ്പോഴേക്കും രാജ്യത്തെ നാലില്‍ ഒരാളുടെ പ്രായം 65 വയസ്സോ അതില്‍ കൂടുതലോ ആയിരിക്കും. മാത്രമല്ല, ഏതാണ്ട് 83,000 ഓളം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒറ്റക്ക് താമസിക്കേണ്ടതായും വരും. ഇത് തീര്‍ച്ചയായും നഴ്സുമാരുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.