സ്വന്തം ലേഖകൻ: കാര്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും വംശീയ വിവേചനമെന്ന് റിപ്പോര്‍ട്ട്. വംശീയത ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കുന്നില്ലെന്നും, 2010-ല്‍ ഈക്വാലിറ്റി ആക്റ്റ് അനുസരിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും അസ്സോസിയേഷന് ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേര്‍സ് (എ ബി ഐ) പറയുമ്പോഴും, ഇംഗ്ലണ്ടിലെ, വംശീയ ന്യുനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള ചിലയിടങ്ങളില്‍ ഇന്‍ഷുറന്‍സ് തുക 33 ശതമാനം വരെ കൂടുതലാണെന്ന് ബി ബി സി റിപ്പോര്‍ട്ടിനെ അധീകരിച്ച് മോട്ടോര്‍ ഫിനാന്‍സ് ഓണ്‍ലൈന്‍ എഴുതുന്നു.
ബി ബി സി നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തലുകള്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരേ ഐഡന്റിറ്റിയുള്ള ഡ്രൈവര്‍മാരുടെ പേരില്‍ വിവിധ വിലാസങ്ങള്‍ നല്കി ആയിരത്തോളം ക്വാട്ടുകളാണ് വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ശേഖരിച്ച്ത്. ഇവ സസൂക്ഷ്മം വിശകലനം ചെയ്തപ്പോള്‍ കണ്ടെത്തിയത്, വംശീയ ന്യുനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഇന്‍ഷുറന്‍സ് ക്വാട്ട് കൂടുതലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വംശീയത ഇന്‍ഷുറന്‍സ് തുക കണക്കാക്കുന്നതില്‍ ഒരു മാനദണ്ഡമാക്കിയിട്ടില്ല എന്ന് ഇന്‍ഷുറന്‍സ് സംഘടന ആവര്‍ത്തിച്ച് പറയുമ്പോഴും ഇത് വംശീയതയ്ക്കുള്ള പിഴ ശിക്ഷയാണെന്നാണ് സിറ്റിസര്സ് അഡ്വൈസ് വാദിക്കുന്നത്. അപകട നിരക്കും, ക്രിമിനല്‍ കുറ്റകൃത്യ നിരക്കുകളും എല്ലായിടങ്ങളിലും ഏതാണ്ട് സമാനമായിരിക്കവെയാണ് ഇന്‍ഷുറന്‍സ് തുകയില്‍ മാത്രം ഈ വിവേചനം നടക്കുന്നത്.
വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ഇന്‍ഷുറന്‍സ് തുക നിര്‍ണയിക്കുന്നത്. അതില്‍ വിലാസം, പ്രായം, ഡ്രൈവിംഗ് ചരിത്രം എന്നിവയൊക്കെ ഉള്‍പ്പെടും എന്നാല്‍, ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് തുക കണക്കാക്കുന്നത് എങ്ങനെയെന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ബി ബി സി വെരിഫൈ പറയുന്നത് ഡ്രൈവര്‍മാരുടെ മേല്‍വിലാസം മാറ്റി തങ്ങള്‍ പരിശോധിച്ചു എന്നാണ്. ആ സമയമൊക്കെ അവരുടെ മറ്റു വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയില്ല.
വിവിധ ഇടങ്ങളില്‍ നിന്നായി 6000 മേല്‍വിലാസങ്ങള്‍ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്. അതില്‍ നിന്നും കണ്ടെത്തിയത് ഇംഗ്ലണ്ടില്‍ വംശീയ ന്യുനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മറ്റിടങ്ങളിലുള്ളതിനേക്കാള്‍ ഇന്‍ഷുറന്‍സ് തുക ശരാശരി 33 ശതമാനം അധികമാണെന്നാണെന്നും അവര്‍ പറയുന്നു. ഉദാഹരണത്തിന് 30 വയസ്സുള്ള, ഫോര്‍ഡ് ഫീസ്റ്റ് ഓടിക്കുന്ന ടീച്ചര്‍ക്ക് ബെര്‍മിംഗ്ഹാമിന് സമീപമുള്ള സാന്‍ഡ്വെല്ലിലെ പ്രിന്‍സസ് എന്‍ഡ് മേല്‍വിലാസത്തില്‍ ലഭിച്ചത് 1,975 പൗണ്ടിന്റെ ക്വോട്ട് ആയിരുന്നു.
എന്നാല്‍, ഏതാണ്ട് അടുത്തുള്ള ഗ്രെയ്റ്റ് ബ്രിഡ്ജ് ഭാഗത്തെ മേല്‍വിലാസം നല്കിയപ്പോള്, മറ്റ് വിവരങ്ങള്‍ എല്ലാം സമാനമായിരുന്നിട്ടും ലഭിച്ചത് 2,796 പൗണ്ടിന്റെ ക്വോട്ട് ആയിരുന്നു. മള്‍ട്ടിപ്പിള്‍ ഡിപ്രിവിയേഷന്റെ കണക്കുകള്‍ പ്രകാരം ഈ രണ്ട് ഇടങ്ങളിലും അപകടങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും നിരക്കുകള്‍ തുല്യമാണ് താനും. അതേസമയം വംശീയ ന്യുനപക്ഷങ്ങള്‍ക്ക് കൂടുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്ന ഇന്‍ഷുറന്‍സ് അല്ഗൊരിതമിനെതിരെ നേരത്തേ ആശങ്കയുയര്‍ന്നിരുന്നു. ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി (എഫ് സി എ) 2019-ല്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല