സ്വന്തം ലേഖകൻ: ഇസ്ലാമാബാദിയില്‍ നിന്ന് പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ (പി.ഐ.എ.) എയര്‍ഹോസ്റ്റസായി കാനഡയിലെത്തിയതാണ് മറിയം റാസ. വിശ്രമദിവസത്തിന് ശേഷം ജോലിക്ക് എത്താതായതോടെയാണ് സഹപ്രവര്‍ത്തകര്‍ മറിയത്തെ അന്വേഷിച്ചിറങ്ങിയത്. എന്നാല്‍ ടൊറന്ടോയിലെ ഹോട്ടല്‍ റൂമിലെത്തിയവര്ക്ക് കിട്ടിയത് മറിയത്തിന്റെ പി.ഐ.എ. യൂണിഫോമും അതില്‍ ‘നന്ദി, പി.ഐ.എ’ എന്നെഴുതിയ ഒരു കുറിപ്പും മാത്രമാണ്.
ഫെബ്രുവരി 26 തിങ്കളാഴ്ച ഇസ്ലാമാബാദില്നിന്നു തിരിച്ച പി.ഐ.എ. വിമാനത്തിലാണ് മറിയം ടൊറന്ടോയില് എത്തിയത്. അടുത്ത ദിവസം കറാച്ചിയിലേക്കുള്ള വിമാനത്തില്‍ തിരിച്ച് പാകിസ്താനില്‍ എത്തേണ്ടതായിരുന്നു. ഇതാദ്യമായല്ല കാനഡയിലെത്തുന്ന പി.ഐ.എ. വിമാനത്തിലെ ജീവനക്കാരെ കാണാതാവുന്നത്. ശരിക്കും മറിയം അടുത്തിടെയായി കണ്ടുവന്ന ഒരു ‘ട്രെന്‍ഡ്’ തുടരുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
ജനുവരിയിലും ഇത്തരത്തില്‍ പി.ഐ.എ. വിമാന ജീവനക്കാരിയായ ഫൈസാ മുഖ്താര്‍ എന്ന യുവതിയെ കാണാതായിരുന്നു. കാനഡയില്‍ നിന്ന് കറാച്ചിയിലേക്ക് തിരിക്കേണ്ട ദിവസമാണ് ഫൈസയേയും കാണാതായതെന്ന് പി.ഐ.എ. വക്താവ് അബ്ദുള്ള ഹഫീസ് ഖാന് പറയുന്നു. വിമാനജോലിക്കാര്‍ ഇത്തരത്തില്‍ കാനഡയിലെത്തി ഒളിച്ചോടുന്നത് നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം പി.ഐ.എയുടെ വിശ്വാസത നഷ്ടപ്പെടുത്താനും കാരണമാകുന്നതായി അബ്ദുള്ള പറയുന്നു.
2023-ല്‍ ഇത്തരത്തില്‍ പി.ഐ.എയുടെ ഏഴ് വിമാനജീവനക്കാരാണ് കാനഡയിലെത്തി അപ്രത്യക്ഷരായതെന്നാണ് റിപ്പോര്‍ട്ട്. മിക്കവരും വിമാനം യാത്ര പുറപ്പെടേണ്ട സമയത്തോടടുപ്പിച്ചാണ് അപ്രത്യക്ഷരാകുന്നതെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നുള്ളതുകൊണ്ട് അവരില്ലാതെ തിരിച്ചുപോരുക എന്നത് മാത്രമാണ് ബാക്കി ജീവനക്കാര്‍ക്ക് മുന്നിലുള്ള വഴിയെന്നും അബ്ദുള്ള പറയുന്നു. കനേഡിയന്‍ സര്‍ക്കാര്‍ ഇത്തരക്കാര്‍ക്ക് അഭയസ്ഥാനം നല്‍കുന്നതാണ് ഈ ട്രെന്‍ഡ് തുടരാന്‍ കാരണമെന്നും അബ്ദുള്ള കുറ്റപ്പെടുത്തുന്നു.
പാകിസ്താനില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഒളിച്ചോടാന്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ തുടങ്ങിയത് 2019-ഓടെയാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. 2018-ന്റെ അവസാനത്തോടെ ഇത്തരത്തില്‍ വിമാനത്തില്‍ ജോലി നേടി യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തുന്നവര്‍ തിരിച്ചുപോകാതെ തദ്ദേശീയരോട് അഭയസ്ഥാനം അന്വേഷിച്ചിരുന്നതായ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല