സ്വന്തം ലേഖകൻ: എമിറേറ്റിലെ സ്‌കൂൾ, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നോൾ കാർഡ് പ്രഖ്യാപിച്ചു. ഇതുവഴി ദുബായിലെ പൊതുഗതാഗത നിരക്കുകളിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം വരെ കിഴിവാണ് ഈ കാർഡ് ഉറപ്പ് നല്‍കുന്നത്. സ്‌കൂൾ, യൂണിവേഴ്‌സിറ്റി കാൻ്റീനുകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് 70 ശതമാനം വരെ കിഴിവുകളും പ്രമോഷണൽ ഓഫറുകളും നോൾ കാർഡുകൾ ഉപയോഗിച്ച് ലഭിക്കുന്നതാണ്.
പുതിയ അധ്യയന വര്‍ഷം മുതല്‍ പുതിയ കാര്‍ഡ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഓട്ടോമേറ്റഡ് കളക്ഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ സലാ അല്‍മര്‍സൂഖി പറഞ്ഞു. നോള്‍ പേ ആപ്പ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഡ് വീട്ടില്‍ എത്തിക്കുന്നതാണ്. ഒരു സ്റ്റുഡന്റ് നോള്‍ കാര്‍ഡ് ഉള്ള വിദ്യാര്‍ത്ഥിക്ക് പുതിയ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.
ദുബായിൽ നിരവധി വിദ്യാർത്ഥികളാണ് പൊതുഗതാഗതം ഉപയോഗിക്കുന്നത്. നിലവിൽ, വിദ്യാർത്ഥികൾക്ക് അവരുടെ എമിറേറ്റ്സ് ഐഡിയും വിദ്യാർത്ഥി ഐഡിയും സമർപ്പിക്കുമ്പോൾ നീല കാർഡ് ലഭിക്കും. അതിൽ അവരുടെ പേരും ഫോട്ടോകളും ഉണ്ടാകും. പുതിയ നോൾ കാർഡ് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഐഎസ്ഐസി ആനുകൂല്യങ്ങൾ, സേവനങ്ങൾ, ഡിസ്കൗണ്ടുകൾ എന്നിവയിലേക്ക് പ്രവേശനം നൽകുന്ന ഒരു അന്താരാഷ്ട്ര അംഗീകാരമുള്ള വിദ്യാർത്ഥി ഐഡി കാർഡായും പ്രവർത്തിക്കും.
റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ഐഎസ്ഐസി അസോസിയേഷനും മേന ട്രാൻസ്‌പോർട്ട് കോൺഗ്രസും എക്‌സിബിഷനും തമ്മിൽ പുതിയ കാർഡ് പുറത്തിറക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. മെട്രോ, ട്രാം, ബസുകൾ, മറൈൻ ഗതാഗതം എന്നിവയുൾപ്പെടെ ആർടിഎയുടെ പൊതുഗതാഗത ശൃംഖല വഴിയുള്ള വിദ്യാർത്ഥികളുടെ ദൈനംദിന യാത്രകൾ സമ്പന്നമാക്കുന്നതിലാണ് പങ്കാളിത്തം ഊന്നൽ നൽകുന്നതെന്ന് ആർടിഎ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് അൽ മുദർറെബ് പറഞ്ഞു. ചില്ലറ വിൽപ്പന സ്റ്റോറുകളിലും സ്കൂൾ, യൂണിവേഴ്സിറ്റി കാൻ്റീനുകളിലും പേയ്‌മെൻ്റുകൾ നടത്താനും കാർഡ് ഉപയോഗക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല