സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. പ്രതിയെന്ന് കരുതുന്ന മാസ്‌കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാലുപേര്‍ പോലീസ് കസ്റ്റഡിയിലുള്ളതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തത്.
12.56-നാണ് കഫേയില്‍ സ്‌ഫോടനം നടന്നത്. 11.30-ഓടെ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ആള്‍, കഫേയില്‍നിന്ന് റവ ഇഡ്‌ലി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇയാള്‍ കടയിലേക്ക് വരുന്നതടക്കം 86 മിനിറ്റിനുള്ളിലാണ് സംഭവം നടക്കുന്നത്. 11.30-ന് കടയിലെത്തിയ ഇയാള്‍ 11.38-ഓടെയാണ് റവ ഇഡ്‌ലി ഓര്‍ഡര്‍ ചെയ്തത്. 11.44-ഓടെ ഇയാള്‍ വാഷ് ഏരിയയില്‍ എത്തുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിക്കുന്നു.
11.45-ഓടെയാണ് ഇയാള്‍ കഫേ വിട്ടുപോകുന്നത്. ഫൂട്പാത്തിലൂടെ നടക്കുന്നതിന് പകരം ഇയാള്‍ റോഡിലൂടെയാണ് തിരിച്ചുപോവുന്നത്. ഇത് സി.സി.ടി.വി. ക്യാമറയില്‍ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. പിന്നാലെ 12.56-ഓടെ സ്‌ഫോടനമുണ്ടാകുന്നു. പ്രതി ബസില്‍ സഞ്ചരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം ശേഖരിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
ബാഗ് ഉപേക്ഷിച്ചുപോയ വ്യക്തിയെ തിരിച്ചറിയാന്‍ നിര്‍മിത ബുദ്ധിയുടെ സഹായം ബെംഗളൂരു പോലീസ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വാഷ് ബേസിനോട് ചേര്‍ന്നുള്ള സീറ്റിങ് ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് നട്ടുകളും ബോള്‍ട്ടുകളും കണ്ടെത്തിയിരുന്നു. സ്‌ഫോടകവസ്തുവില്‍ ഉപയോഗിച്ച ടൈമര്‍ ഡിവൈസും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല