സ്വന്തം ലേഖകൻ: ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് യുഎസിൽ വെടിയേറ്റു മരിച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തും ടെലിവിഷൻ നടിയുമായ ദേവോലീന ഭട്ടാചാര്യ പറഞ്ഞു. ചൊവ്വാഴ്ച മിസോറിയിലെ സെന്റ് ലൂയിസ് സിറ്റിയിൽ സായാഹ്ന നടത്തത്തിനിടെയാണ് അമർനാഥ് ഘോഷിന് വെടിയേറ്റത്.
‘‘എന്റെ സുഹൃത്ത് അമർനാഥ് ഘോഷ് ചൊവ്വാഴ്ച വൈകുന്നേരം യുഎസിലെ സെന്റ് ലൂയിസ് അക്കാദമി പരിസരത്ത് വെടിയേറ്റ് കൊല്ലപ്പെട്ടു. അമ്മ 3 വർഷം മുൻപും അച്ഛൻ കുട്ടിക്കാലത്തും മരിച്ചു. പ്രതിയുടെ വിവരങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അമർനാഥിന് വേണ്ടി പോരാടാൻ കുറച്ച് സുഹൃത്തുക്കളൊഴികെ ആരും അവശേഷിക്കുന്നില്ല’’ – ദേവോലീന ഭട്ടാചാര്യ പറഞ്ഞു.
കൊൽക്കത്ത സ്വദേശിയും ഭരതനാട്യം, കുച്ചിപ്പുടി നർത്തകനുമായ ഘോഷ് നാല് നൃത്ത ശൈലികളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. ചെന്നൈയിലെ കലാക്ഷേത്ര അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്. സെന്റ് ലൂയിസിലെ വാഷിങ്ടൻ യൂണിവേഴ്സിറ്റിയിൽ നൃത്തത്തിൽ എംഎഫ്എ വിദ്യാർഥിയായിരുന്നു.
രാജ്യാന്തര സാംസ്കാരിക മന്ത്രാലയത്തിൽനിന്ന് കുച്ചിപ്പുഡിക്ക് ദേശീയ സ്കോളർഷിപ്പ് ലഭിച്ച അദ്ദേഹം ബോബിത ഡേ സർക്കാർ, എം വി നരസിംഹാചാരി, അഡയാർ കെ ലക്ഷ്മൺ എന്നിവരുടെ കീഴിലാണ് പരിശീലനം നേടിയത്.
അതിനിടെ അമർനാഥ് ഘോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അമേരിക്കൻ ഭരണകൂടവുമായി തങ്ങൾ ബന്ധപ്പെട്ട് വരികയാണെന്ന് കേന്ദ്രസർക്കാർ. കൊലപാതകത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
പൊലീസിനും ഫോറൻസിക് വിഭാഗത്തിനും എല്ലാവിധ പിന്തുണയും തുടർ അന്വേഷണത്തിനായി നൽകുന്നുണ്ടെന്ന് ചിക്കാഗോയിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. അമർനാഥിന്റെ ബന്ധുക്കൾക്ക് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും അധികൃതർ വാഗ്ദാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല