സ്വന്തം ലേഖകൻ: നാല് വര്‍ഷം കൂടുമ്പോഴും സ്പോണ്സര് ലൈസന്‍സുകള്‍ പുതുക്കണമെന്ന നിയമം മാറും; വര്‍ക്ക് വീസയ്ക്കുള്ള സ്പോണ്‍സര്‍ഷിപ് ലൈസന്‍സ് പ്രക്രിയയില്‍ അടിമുടി പരിഷ്കാരം; വിദേശ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകും; ഏപ്രില്‍ 6 ന് നടപ്പിലാക്കുന്ന വീസ മാറ്റമറിയാം
യുകെയിലുള്ള വിദേശ തൊഴിലാളികള്‍ക്കും, തൊഴിലുടമകള്‍ക്കും ഒരുപോലെ ആശ്വാസമാവുകയാണ് ഹോം ഓഫീസിന്റെ പുതിയ പ്രഖ്യാപനം. സ്പോണ്സര് ലൈസന്‍സുകള്‍ ഓരോ നാല് വര്‍ഷവും പുതുക്കണമെന്ന് നിബന്ധന എടുത്തു കളയും എന്നതാണ് ആ പ്രഖ്യാപനം. വിദേശ തൊഴിലാളികളെ കൂടെ നിര്‍ത്താന്‍ ധാരാളം പേപ്പര്‍ വര്‍ക്കുകള്‍ നടത്തുകയും കനത്ത് ഫീസടക്കുകയും ചെയ്തിരുന്ന ബ്രിട്ടനിലെ തൊഴിലുടമകള്‍ക്ക് ഏറെ ആശ്വാസകരമാവുകയാണ് ഇത്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ യു വീസയുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ പറയുന്നത് വിദേശത്തു നിന്നുള്ള ഒരു വ്യക്തിക്ക് തൊഴില്‍ നല്കാന് യു കെയിലെ ഒരു തൊഴിലുടമ തയ്യാറാകുകയാണെങ്കില്‍ അയാള്‍ക്ക് യു കെ സ്പോണ്സര് ലൈസന്‍സ് അവശ്യമാണ് എന്നാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കാന് സ്പോണ്സര് ലൈസന്‍സ് ആവശ്യമാണ്.
ഈ സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സുകള്‍ ഓരോ നാല് വര്‍ഷം കൂടുമ്പോഴും പുതുക്കേണ്ടതുണ്ടായിരുന്നു. ഏപ്രില്‍ 6 ന് പുതിയ നിയമം നിലവില്‍ വരുന്നതോടെ അത് ആവശ്യമില്ലാതെയാവുകയാണ്. ഈ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ലൈസന്‍സിന്റെ കാലാവധി തീരുന്ന തീയ്യതി വന്നാല്‍, സ്വമേധയാ അത് അടുത്ത പത്ത് വര്‍ഷത്തേക്ക് കൂടി പുതുക്കപ്പെടും. ഇതിനായില്‍ ലൈസന്‍സ് ഉടമകള്‍ എന്തെങ്കിലും ചെയ്യേണ്ടതില്ല. ഓട്ടോമാറ്റിക് ആയി കാലാവധി നീട്ടി നല്‍കും.
നേരത്തേ, ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് 90 ദിവസം മുന്‍പ് അത് പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, അതിനായി 536 പൗണ്ട് മുതല്‍ 1,476 പൗണ്ട് വരെ ഫീസ് നല്‍കുകയും വേണമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല