സ്വന്തം ലേഖകൻ: ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്’ എന്ന മുദ്രാവാക്യവുമായി ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തതായി സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലോകകപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിക്കുന്നതായി സൗദി വെളിപ്പെടുത്തിയത്. തുടർന്ന് ഔദ്യോഗിക നാമനിർദേശ കത്ത് ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബാളിന് (ഫിഫ) സൗദി ഫുട്ബാൾ ഫെഡറേഷൻ അയച്ചിരുന്നു. saudi2034bid.com എന്ന ഔദ്യോഗിക വെബ്സൈറ്റും ലോഞ്ച് ചെയ്തു.
2034ലെ ലോകകപ്പിന് വേദിയൊരുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ആസ്ട്രേലിയ പിൻവാങ്ങിയതോടെയാണ് ആതിതേയത്വം വഹിക്കാനുള്ള അവസരം സൗദിക്ക് ലഭിക്കുമെന്ന് ഉറപ്പായത്. ഇതിനെതുടർന്ന് വൻ ഒരുക്കങ്ങളാണ് രാജ്യത്ത് നടന്ന് വരുന്നത്. 2034ലെ ലോകകപ്പിനെ സൂചിപ്പിക്കുവാൻ ലോഗോയിൽ 34 എന്ന സംഖ്യയുടെ രൂപത്തിൽ ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ ഭൂപടത്തിന്റെ ആകൃതിയിൽ അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ലോഗോയുടെ രൂപകൽപ്പന. ഇതോടൊപ്പം ഔദ്യോഗിക വെബ്സൈറ്റും പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ആറ് വർഷമായി, സൗദി അറേബ്യ 40ഓളം കായിക ഇനങ്ങളിലായി നൂറിലധികം അന്താരാഷ്ട്ര ഇവന്റുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളുമായി സജീവ ഫുട്ബാൾ പങ്കാളിത്തവും രാജ്യത്തിനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല