സ്വന്തം ലേഖകൻ: നഴ്സറി സ്കൂളുകൾ ഒരിക്കൽ ഫീസ് വർധിപ്പിച്ചാൽ പിന്നീട് 3 വർഷത്തേക്കു ഫീസ് ഘടനയിൽ മാറ്റം വരുത്താൻ പാടില്ലെന്ന് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് നിർദേശം നൽകി. അബുദാബി എമിറേറ്റിലെ നഴ്സറി സ്കൂളുകൾക്കാണ് ഉത്തരവ് ബാധകം. വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾക്കു വിധേയമായി, സ്കൂളിലെ സൗകര്യങ്ങളും സംവിധാനവും അനുസരിച്ച് ഫീസ് നിശ്ചയിക്കാം.
എന്നാൽ, വർധിപ്പിക്കാൻ വകുപ്പിന്റെ അനുമതി വേണം. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് ഫീസ് വർധനയ്ക്കുള്ള അപേക്ഷ വിദ്യാഭ്യാസ വകുപ്പിനു നൽകേണ്ടത്. അനുമതി ലഭിക്കുന്നവർക്ക് സെപ്റ്റംബർ മുതൽ നിരക്ക് പ്രാബല്യത്തിൽ വരുത്താം. ഫീസ് വർധന സംബന്ധിച്ച് ജൂണിനു മുൻപ് രക്ഷിതാക്കളെ അറിയിക്കാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. പുതിയ നിരക്ക് നിലവിൽ വരുന്നതിന്റെ 3 മാസം മുൻപ് രക്ഷിതാക്കളെ അറിയിച്ചിരിക്കണം.
സ്കൂളുകളിൽ കുട്ടികൾക്ക് സുരക്ഷിത പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. കുട്ടികളെ പരിചരിക്കുന്നതിൽ ജീവനക്കാർക്ക് പരിശീലനം നൽകണം. നഴ്സറികൾക്ക് ഗ്രേഡ് നിശ്ചയിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയും മൂല്യനിർണയവും ഉണ്ടാകും. മികച്ച സ്ഥാപനങ്ങൾക്ക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ പദ്ധതികൾ അനുവദിക്കാനും തീരുമാനിച്ചു.
വായുവും വെളിച്ചവും കയറണം, കളിസ്ഥലവും നിർബന്ധം
ബഹുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെങ്കിൽ നഴ്സറി ഗ്രൗണ്ട് ഫ്ലോറിലോ ഒന്നാം നിലയിലോ ആയിരിക്കണം. നഴ്സറി നടത്താൻ നഗരസഭയിൽ നിന്നു സുരക്ഷാപത്രം ലഭിച്ചിരിക്കണം.
കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള മുറികൾ കെട്ടിടത്തിലുണ്ടാകണം. ഓരോ മുറിയിലും വായു സഞ്ചാരവും വെളിച്ചവും ഉറപ്പാക്കണം. അഗ്നിരക്ഷാ സംവിധാനം ഉണ്ടാകണം. കളിസ്ഥലവും നിർബന്ധമാണ്. ശുചിത്വ നിയമങ്ങൾ പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല