സ്വന്തം ലേഖകൻ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം പരസ്യം നൽകുന്നവർക്ക് തടവും 5 ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷയെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. വ്യാജ പ്രമോഷനുകളിലൂടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കും കർശന മുന്നറിയിപ്പുണ്ട്.
ചരക്ക് അല്ലെങ്കിൽ സേവനങ്ങളെ കുറിച്ച് ഓൺലൈനിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴയോ തടവോ രണ്ടും ചേർത്തോ ശിക്ഷയുണ്ടാകും. തട്ടിപ്പുകളിൽനിന്നും വ്യാജ വാർത്തകളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി കർശനമാക്കിയത്.
അച്ചടി, ശബ്ദ, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങൾക്കും സമൂഹമാധ്യമ ഇൻഫ്ലൂവൻസർമാർക്കും നിയമം ബാധകമാണ്. വെബ്സൈറ്റ്, ബ്ലോഗ്, സമൂഹമാധ്യമം എന്നിവിടങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്കെതിരെയും ജാഗ്രതാ നിർദേശമുണ്ട്.
സമൂഹമാധ്യമങ്ങൾ, വെബ്സൈറ്റുകൾ, ബ്ലോഗുകൾ എന്നിവയിലെ പരസ്യങ്ങൾ വ്യക്തമായി തിരിച്ചറിയുന്നതായിരിക്കണം. പരസ്യങ്ങൾ എഡിറ്റോറിയലിൽനിന്നും വിജ്ഞാനപ്രദമായ ഉള്ളടക്കത്തിൽനിന്നും സ്വതന്ത്രമായിരിക്കണം. ഓൺലൈൻ പരസ്യങ്ങൾക്കുള്ള ഏതെങ്കിലും പേമെന്റുകൾ വെളിപ്പെടുത്തണം. ലംഘിച്ചാൽ 5000 ദിർഹം പിഴ ഈടാക്കും. ഒരു വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല